സുൽത്താൻ ബത്തേരി: കൊളകപ്പാറ കവല-അരിവയൽ റോഡിൽ സ്കൂൾ ജംഗ്ഷന് സമീപത്തുള്ള പാലം അപകട ഭീഷണിയിൽ.
വർഷങ്ങൾക്ക് മുൻപ് നിർമിച്ച ഈ പാലത്തിന്റെ അടിഭാഗം വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ അടർന്നു പോയിരിക്കുകയാണ്.മീനങ്ങാടി-ബത്തേരി റൂട്ടിൽ ഓടുന്ന ഒട്ടനവധി സ്കൂൾ ബസുകളും സ്വകാര്യ വാഹനങ്ങളും ദിവസേന ഈ പാലത്തിലൂടെയാണ് കടന്നുപോകുന്നത്. പാലത്തിന്റെ അവസ്ഥ ദയനീയമായതോടെ വിദ്യാർഥികളുടെയും യാത്രക്കാരുടെയും സുരക്ഷയെക്കുറിച്ച് നാട്ടുകാർ ആശങ്കയിലാണ്.
പാലം പുനർനിർമിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ പലതവണ പഞ്ചായത്തിൽ നിവേദനങ്ങൾ നൽകിയിട്ടുണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നതാണ് നാട്ടുകാരുടെ ആക്ഷേപം. ഇതോടെ ഭരണകൂടത്തിന്റെ അനാസ്ഥയാണ് അപകടത്തിന് വഴിയൊരുക്കുന്നതെന്ന ആരോപണവും ശക്തമാണ്.
അടുത്ത കാലവർഷത്തിന് മുന്പ് അടിയന്തരമായി പാലം പുതുക്കി പണിതില്ലെങ്കിൽ വലിയ അപകടങ്ങൾ ഇവിടെ സംഭവിക്കാനുള്ള സാധ്യതയുണ്ടെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. കുട്ടികളെയും കുടുംബങ്ങളെയും അപകടത്തിലാക്കുന്ന ഈ പാലത്തിന്റെ കാര്യത്തിൽ അധികൃതർ ഉടൻ ഇടപെടണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.