മംഗലംഡാം: സുമനസുകളുടെ വലിയ പങ്കാളിത്തത്തോടെ ഭവനരഹിതരായ 60 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്ന പൊൻകണ്ടത്തെ ഏസ്പെരാൻസ പ്രോജക്ട് ഷെൽട്ടർ പദ്ധതിക്ക് തുടക്കമായി.
ഇതിന്റെ ഭാഗമായി നിർമാണം പൂർത്തിയായ നാലുവീടുകളുടെ താക്കോൽ ദാനവും എട്ടുവീടുകളുടെ തറക്കല്ലിടലും ഇന്നലെ വൈകീട്ട് നടന്നു.
ജില്ലാ പഞ്ചായത്ത് മെംബർ കെ.ജി. എൽദോ, പാലക്കാട് രൂപത വികാരി ജനറാൾ മോൺ. ജീജോ ചാലക്കൽ, കാർഗോ കമ്പനിയായ സെവൻസീസ് എംഡി ബിജു തോമസ്,വാർഡ് മെംബർ അച്ചാമ്മ ജോസഫ് എന്നിവർ വീടുകളുടെ ഉദ്ഘാടനം നടത്തി. രണ്ടാം ഘട്ടത്തിൽ നിർമിക്കുന്ന എട്ടുവീടുകളുടെ ശില വെഞ്ചരിപ്പ് രൂപത വികാരി ജനറാൾ മോൺ. ജിജോ ചാലയ്ക്കൽ നിർവഹിച്ചു.
ബംഗളൂരു ആസ്ഥാനമായുള്ള പ്രൊജക്ട് ഷെൽട്ടർ ഡയറക്ടർ ഫാ.ഡോ.ജോർജ് കണ്ണന്താനം പദ്ധതിയുടെ വിശദീകരണം നടത്തി. ഫാ. സേവ്യർ വളയത്തിൽ, ഫാ. ജോയ്സൺ ആക്കപറമ്പിൽ, ഫാ. രാജു മാർക്കോസ്, മംഗലംഡാം എസ്ഐ സാം ജോർജ്, ഹൗസിംഗ് കോ- ഓർഡിനേറ്റർ സിബു ജോർജ്, മിഖായേൽ റാഫേൽ, ഡിനോയ് കോമ്പാറ, ക്രഷർ ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. നാരായണൻ, മറ്റു സംഘടന ഭാരവാഹികളായ ഷാജി വർക്കി, അബാസ് മുബാറക്, എ.പ്രകാശൻ, തോമസ് ചിറവയലിൽ, സീൻ ചെറുനിലം, സജി മുകളേപറമ്പിൽ, ദൈവദാൻ, അനുഗ്രഹഭവൻ എന്നിവിടങ്ങളിൽ നിന്നുള്ള സിസ്റ്റേഴ്സ് മറ്റു ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്നവരും പരിപാടിയിൽ പങ്കെടുത്തു.
ഫാ. സജി വട്ടുകളം സ്വാഗതവും ഭവനപദ്ധതിക്ക് നേതൃത്വം നൽകുന്ന ടോം ജോർജ് കിഴക്കേ പറമ്പിൽ നന്ദിയും പറഞ്ഞു. ടോം ജോർജ് ദാനമായി നൽകിയ ഒന്നര ഏക്കർ സ്ഥലത്താണ് അപ്പാർട്ടുമെന്റുകളായി ഭവനനിർമാണം നടപ്പിലാക്കുന്നത്.
അംഗവൈകല്യമുള്ളവർ, അസുഖ ബാധിതർ, വിധവകൾ, പ്രകൃതി ദുരന്തങ്ങളിൽ വീട് നഷ്ടപ്പെട്ടവർ, സ്വന്തമായി വീട് പണിയാൻ സാമ്പത്തിക ശേഷി ഇല്ലാത്തവർ തുടങ്ങിയവരെയാണ് പദ്ധതിയിൽ പരിഗണിക്കുന്നത്. സുമനസുകളായ ആയിരംപേർ മാസത്തിൽ ആയിരംരൂപയും അതിൽ കൂടുതലും തുകയെടുത്താണ് വീട് നിർമാണ പദ്ധതി മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ വർഷം മുടപ്പല്ലൂരിലെ ഒരു കുടുംബത്തിന് വീട് നിർമിച്ചു നൽകിയിരുന്നു. അപ്പാർട്ടുമെന്റുകളായാണ് ഭവനനിർമാണം നടപ്പിലാക്കുന്നത്.