ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാലത്തുംകടവ് മേഖലയിൽ വളർത്തുമൃഗങ്ങളെ ആക്രമിച്ച കടുവ പിടിയിലായത് വനംവകുപ്പിന്റെ ദ്രുതഗതിയിലുള്ള നീക്കത്തിനൊടുവിൽ. അത്യാധുനിക നിരീക്ഷണ സംവിധാനങ്ങളുടെ സഹായത്തോടെ നടത്തിയ ദൗത്യം വനംവകുപ്പിന്റെ ഏകോപന മികവുകൂടിയായി. വെള്ളിയാഴ്ച്ച രാത്രി 11 ഓടെയാണ് കടുവ കൂട്ടിലകപ്പെടുന്നത്. കടുവ കടിച്ചു കൊലപ്പെടുത്തിയ നാല് പശുക്കളിൽ വലിപ്പം കുറഞ്ഞ പശുവിനെ കൂടിനുള്ളിൽ ഇരയാക്കി വച്ചാണ് വനം വകുപ്പ് കടുവയെ കൂട്ടിലേക്ക് ആകർഷിച്ചത്.
വനം വകുപ്പിന്റെ ദ്രുതകർമസേനയും അത്യാവശ്യം പോലീസുകാരും മാത്രം അടങ്ങിയ ദൗത്യ സംഘം മേഖലയിൽ ക്യാമ്പ് ചെയ്ത് നിരീക്ഷിച്ചു. കൂട്ടിലഅകപ്പെട്ട് ഒരുമണിക്കൂറിനുള്ളിൽ തന്നെ കടുവയുടെ ആരോഗ്യം ഉൾപ്പെടെ വിലയിരുത്തി വയനാട്ട് കുപ്പാടിയിലുള്ള പരിചരണ കേന്ദ്രത്തിലേക്ക് മാറ്റാനും കഴിഞ്ഞു. കുപ്പാടിയിലെ അനിമൽ ഹോസ്പിസ് സെന്റ്ർ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിൽ നിരീക്ഷ ണത്തിലാണ് കടുവ.
കടുവയ്ക്ക് പത്ത് വയസോളമുണ്ടെന്ന് സ്ഥിരീകരിച്ചു.
താഴത്തെ കോമ്പല്ലുകളിൽ രണ്ടെണ്ണത്തിന് പ്രായം മൂലം തേയ്മാനം സംഭവിച്ചതായും മുകളിലത്തെ നിലയിലെ രണ്ട് കോമ്പല്ലുകൾ പൊട്ടിയ നിലയിലാണെന്നും വനം വകുപ്പ് നോർത്തേൺ സർക്കിൾ വെറ്ററിനറി ഡോക്ടർ ഏലിയാസ് റാവുത്തർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കടുവയുടെ ആരോഗ്യനിലനിലവിൽ തൃപ്തികരമാണെന്നും നിരീക്ഷണം തുടരുകയാണെന്നും അധികൃതർ പറഞ്ഞു.
ആരോഗ്യസ്ഥിതി വിലയിരുത്തിയശേഷം മാത്രമേ ഉൾവനത്തിലേക്ക് വിടുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കുകയുള്ളൂ.
നഷ്ടപരിഹാരം: ആദ്യഗഡു നാളെ നൽകും
കടുവ പശുക്കളെ കടിച്ചുകൊന്ന പാലത്തുംകടവ് സ്വദേശിനി സരസു പുല്ലാട്ടുകുന്നേലിന്റെ കുടുംബത്തിനുള്ള നഷ്ടപരിഹാരത്തിന്റെ ആദ്യഗഡു നാളെ നല്കുമെന്ന് വനം വകുപ്പ് കൊട്ടിയൂർ റേഞ്ചർ നിഥിൻരാജ് അറിയിച്ചു.നഷ്ടപരിഹാരമായി കണക്കാക്കിയ തുകയുടെ 80 ശതമാനമാണ് ആദ്യ ഗഡുവായി നൽകുന്നത്.
വനം വകുപ്പിന്റെ ഫണ്ടിൽ നിന്നാണ് തുക അനുവദിക്കുന്നത്. ബാക്കി 20 ശതമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നു് അനുവദിക്കാമെന്ന് ഇരിട്ടി തഹസിൽ ദാറും കുടുംബത്തിന് ഉറപ്പുനൽകിയിരുന്നു. വനം നോർത്തേൺ സിസിഎഫ് അഞ്ജൻകുമാർ, ഡിഎഫ്ഒ എസ്. വൈശാഖ്, ആറളം വൈൽഡ് ലൈഫ് വാർഡൻ വി. രതീശൻ, ആർആർടി ഡെപ്യൂട്ടി റേഞ്ചർ ഷൈനികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് കടുവയെ കൂടുവച്ച് പിടിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.