പള്ളിക്കര: സംസ്ഥാനപാതയിൽ നവീകരണപ്രവൃത്തികൾക്കായി മെറ്റലിറക്കാനെത്തിയ ടിപ്പർ ലോറിയുടെ പിൻവശം തട്ടി വൈദ്യുത കമ്പിയും മൂന്ന് തൂണുകളും തകർന്നു.
തിങ്കളാഴ്ച ഉച്ചയോടെ പൂച്ചക്കാടിനും കല്ലിങ്കാലിനും ഇടയിലായിരുന്നു സംഭവം. നിലംപതിച്ച വൈദ്യുത കമ്പികളിൽ നിന്ന് തീപ്പൊരികൾ ചിതറിയതിനെ തുടർന്ന് റോഡരികിലെ ഉണങ്ങിയ കുറ്റിച്ചെടികളിൽ തീ പടർന്നു. ലോറിയിലേക്കും തൊട്ടടുത്ത ട്രാൻസ്ഫോർമറിലേക്കും തീ പടരാതിരുന്നതുമൂലം വൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് പൂച്ചക്കാട്, കല്ലിങ്കാൽ ഭാഗങ്ങളിൽ മണിക്കൂറുകളോളം വൈദ്യുതി വിതരണം തടസപ്പെട്ടു.
സംസ്ഥാനപാതയുടെ നവീകരണ പ്രവൃത്തികൾക്കായി കരാർ ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിയുടെ കീഴിൽ മെറ്റലിറക്കാനെത്തിയ ലോറിയാണ് അപകടമുണ്ടാക്കിയത്.
പാതയോരത്ത് മെറ്റലിറക്കാനായി ടിപ്പർ ലോറിയുടെ പിൻവശം ഉയർത്തുമ്പോൾ അത് വൈദ്യുത കമ്പിയിൽ തട്ടുകയായിരുന്നു. തൊട്ടടുത്ത് വൈദ്യുത കമ്പികളും തൂണുകളും ട്രാൻസ്ഫോർമറും ഉണ്ടെന്ന കാര്യം ശ്രദ്ധിക്കാതെയാണ് ലോറിയുടെ പിൻവശം ഉയർത്തിയതെന്നാണ് സൂചന. ഈ ഭാഗം കമ്പികളിൽ കുടുങ്ങിയതിനൊപ്പമാണ് തൂണുകളടക്കം നിലംപൊത്തിയത്.
സംഭവം ഉടൻതന്നെ നാട്ടുകാർ ചിത്താരിയിലെ വൈദ്യുതി സെക്ഷൻ ഓഫീസിൽ വിളിച്ചറിയിച്ചതിനെ തുടർന്നാണ് ലൈനുകൾ ഓഫ് ചെയ്ത് വൻ അപകടം ഒഴിവാക്കിയത്.