ആറ്റിങ്ങൽ: സ്വകാര്യ ബസ് യാത്രക്കാരിയുടെ പണവും രേഖകളുമടങ്ങിയ പഴ്സ് മോഷ്ടിച്ച ഇതര സംസ്ഥാനക്കാരി പിടിയിലായി. തമിഴ്നാട് തൂത്തുകുടി സ്വദേശി മുരുകമ്മയെയാണ് നഗരൂർ പൊലിസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം സ്വകാര്യ ബസിൽ സഞ്ചരിച്ചിരുന്ന യുവതിയുടെ പഴ്സ് നഷ്ടപ്പെട്ടതായുള്ള പരാതി നഗരൂർ പൊലിസിനു ലഭിച്ചിരുന്നു. തുടർന്ന് അന്വേഷണം തുടങ്ങിയ പൊലിസ് സ്വകാര്യ ബസുകൾ പരിശോധിച്ചുവരവേയാണ് മുരുഗമ്മയെ കണ്ടെത്തിയത്. ഇവരുടെ ബാഗ് വാങ്ങി പരിശോധിച്ചപ്പോൾ ലഭിച്ച രേഖകളിൽ നിന്നുള്ള ഫോൺ നമ്പരിൽ ബന്ധപ്പെട്ടപ്പോഴാണ് സമാന രീതിയിൽ മറ്റൊരു മോഷണം നടത്തിയതായി പൊലിസിനു മനസിലായത്.
അന്വേഷണത്തിൽ മറ്റൊരു ബസിൽ സഞ്ചരിച്ചിരുന്ന യുവതിയുടെ പഴ്സിന്റെ സിബ് തുറന്ന് 7,500 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചതായി കണ്ടെത്തുകയായിരുന്നു. നഗരൂർ വഞ്ചിയൂർ സ്വദേശിയായ യുവതിയുടെ പഴ്സിൽ നിന്നാണ് പണവും രേഖകളും കവർന്നത്. തുടർന്ന് ഇവരുടെ പരാതിയിൽ കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. കോട്ടയം, ചങ്ങനാശേരി, നെടുമങ്ങാട്, ആറ്റിങ്ങൽ സ്റ്റേഷനുകളിൽ പ്രതിക്കെതിരേ നിരവധി മോഷണ കേസുകളുള്ളതായി പൊലിസ് വ്യക്തമാക്കി. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.