ഇരിങ്ങാലക്കുട: കാറളത്ത് വീടിനുള്ളില് വയോധികയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി 15 പവനോളം സ്വര്ണാഭരണങ്ങള് കവര്ന്ന കേസില് പ്രതി അറസ്റ്റിൽ. കാറളം മൃഗാശുപത്രിക്കു സമീപം പാറാമ്പുള്ളി റോഡില് അരുമ്പിള്ളി വിജയന്റെ ഭാര്യ സാവിത്രി (79)യെ കൊലപ്പെടുത്തിയ തൃപ്രയാര് ഈസ്റ്റ് കോടഞ്ചേരി വീട്ടില് മുഹമ്മദ് റാഫി (58) ആണ് അറസ്റ്റിലായത്.
സാവിത്രിയുടെ മകന്റെ വീട്ടില് നാലുവര്ഷത്തോളമായി വാടകയ്ക്കു താമസിച്ചുവരികയായിരുന്നു പ്രതി. സാമ്പത്തികബാധ്യതകളുണ്ടായിരുന്ന ഇയാൾ, പണയംവയ്ക്കുന്നതിനായി സാവിത്രിയോട് സ്വര്ണാഭരണങ്ങള് ആവശ്യപ്പെട്ടിരുന്നതായി പൊലിസ് പറയുന്നു. സ്വര്ണം ലഭിക്കാതിരുന്നതിലുള്ള വിരോധമാണു കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണത്തില് കണ്ടെത്തിയത്.
വീട്ടിലെത്തിയ പ്രതി ഹാളില് സോഫയിലിരിക്കുകയായിരുന്ന സാവിത്രിയെ അവരുടെതന്നെ സാരിത്തലപ്പുകൊണ്ട് കഴുത്തില് മുറുക്കി കിടപ്പുമുറിയിലേക്കു വലിച്ചിഴച്ചുകൊണ്ടുപോവുകയും അവിടെവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കുന്നതിനായി തലയിണ ഉപയോഗിച്ച് മുഖത്ത് അമര്ത്തിപ്പിടിച്ചതായും പൊലിസ് കണ്ടെത്തി. തുടര്ന്ന് സാവിത്രിയുടെ മാലയും വളകളും ഊരിയെടുത്തു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അടുക്കളയില്നിന്നു മുളകുപൊടിയെടുത്ത് വീടിനുള്ളില് വിതറിയശേഷം പ്രതി സ്ഥലത്തുനിന്നു രക്ഷപ്പെടുകയായിരുന്നു.
മൂന്നു സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം
സംഭവത്തില് കേസെടുത്തതിനു പിന്നാലെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. മൂന്നു ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ സാധ്യതകള് തേടിയായിരുന്നു പരിശോധന. നാടോടി സ്ത്രീകളടക്കമുള്ളവരെയും കുപ്രസിദ്ധ മോഷണസംഘങ്ങളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയതോടൊപ്പം അയല്വാസികളില്നിന്നും നാട്ടുകാരില്നിന്നും വിവരങ്ങള് ശേഖരിക്കുകയും ചെയ്തു.
ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണു മുഹമ്മദ് റാഫിയെ പിടികൂടിയത്.തൃശൂര് റേഞ്ച് ഡിഐജി ടി. നാരായണന്റെ മേല്നോട്ടത്തിലും റൂറല് ജില്ലാ പൊലിസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുമായിരുന്നു അന്വേഷണം.