കോരുത്തോട്: പ്രമുഖ മൊബൈൽ സേവനദാതാക്കളുടെ നെറ്റ്വർക്ക് കവറേജ് ലഭിക്കാത്തത് കോരുത്തോട്ടിലും പരിസര പ്രദേശങ്ങളിലും നാട്ടുകാർക്കും വ്യാപാരികൾക്കും ദുരിതമാകുന്നു.
രണ്ടു മലനിരകളുടെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്ന പള്ളിപ്പടി നിവാസികൾക്കാണ് ദുരിതം ഏറെയും. കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനും അത്യാവശ്യ ഘട്ടങ്ങളിൽ ഫോൺ ഉപയോഗിക്കുന്നതിനും കഴിയാത്ത സ്ഥിതിയാണ് നാട്ടുകാർക്ക്.
നെറ്റ്വർക്ക് ഇല്ലാത്തതുമൂലം റേഷൻകടകളുടെ ഉൾപ്പെടെ പ്രവർത്തനം അവതാളത്തിലായിരിക്കുകയാണ്. ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതമാകുന്നതാണ് റേഷൻകടകളുടെ പ്രവർത്തനം താളംതെറ്റിക്കുന്നത്. ബയോമെട്രിക് വിവരങ്ങൾ രേഖപ്പെടുത്താൻ ഇന്റർനെറ്റ് അത്യാവശ്യമാണെന്നിരിക്കേ സിഗ്നൽ ലഭിക്കാത്തതുമൂലം പലർക്കും റേഷൻ വാങ്ങാൻ കഴിയുന്നില്ല.
ഫോൺ വിളിക്കാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ ഉയർന്ന പ്രദേശങ്ങൾ തേടി പോകേണ്ട അവസ്ഥയാണെന്നും നാട്ടുകാർ പരാതിപ്പെടുന്നു. സമീപ പ്രദേശങ്ങളിൽ ടവറുകൾ ഉണ്ടെങ്കിലും പള്ളിപ്പടി ഭാഗത്തേക്ക് സിഗ്നലുകൾ എത്തുന്നില്ലെന്നാണ് പരാതി. ടവറുകളിലെ ട്രാൻസ്മിറ്ററുകൾ മറ്റു ദിശകളിലേക്കു തിരിച്ചുവച്ചിരിക്കുന്നതുമൂലം തങ്ങൾ അവഗണിക്കപ്പെടുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
അടിയന്തരമായി മൊബൈൽ നെറ്റ്വർക്കിംഗ് കവറേജ് പ്രശ്നം പരിഹരിക്കാൻ അധികാരികൾ തയാറാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.