കണ്ണൂർ: കണ്ണൂർ നഗരത്തിലെ വ്യാപാര സ്ഥാപനത്തിലും ഓഫീസിലും മോഷണം നടത്തി രക്ഷപ്പെടാൻ ശ്രമിച്ച മോഷ്ടാവിനെ ഉടമയും പരിസരത്തുണ്ടായിരുന്നവരും കൈയോടെ പിടികൂടി പോലീസിലേൽപ്പിച്ചു. കണ്ണൂർ താണയിലെ റോയൽ ഓക് ബിൽഡിംഗിലെ ജി-കൺസെപ്റ്റ് എന്ന ഗ്ലാസ് ഫാബ്രിക്കേഷൻ സ്ഥാപനത്തിൽ കവർച്ച നടത്തിയ മഹാരാഷ്ട്ര താനെ അമർനാഥ് പത് വാഡി മഹാത്മ പുലൈ നഗർ സ്വദേശി സാലിം സിക്കന്തർ ഷേഖാണ് (60) പിടിയിലായത്.
വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ എസ്ഐ ടി.എം. വിപിനും സംഘവും അറസ്റ്റ് രേഖപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം. പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് മേശയിൽ സൂക്ഷിച്ചിരുന്ന 61,000 രൂപ കവർന്ന ശേഷം തൊട്ടടുത്ത ഓഫീസിൽ മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ഇയാളുടെ പേരിൽ എറണാകുളം ജില്ലയിലും കവർച്ച കേസുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.