ന്യൂയോർക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസിൽ വന്പൻമാർ കുതിപ്പ് തുടരുന്നു. പുരുഷ സിംഗിൾസിൽ നിലവിലെ ചാന്പ്യനായ കാർലോസ് അൽകരാസും വനിതാ സിംഗിൾസിൽ അരീന സബലെങ്കയും മൂന്നാം റൗണ്ടിൽ പ്രവേശിച്ചു.
അൽകരാസ് ജയം
കൈത്തണ്ടയിലെ പരിക്കിനെത്തുടർന്നുണ്ടായ ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ അൽകരാസ് പോർച്ചുഗലിന്റെ ജെയ്മെ ഫാരിയയ്ക്കെതിരേ ആദ്യ സെറ്റ് നഷ്ടമായെങ്കിലും ശക്തമായി തിരിച്ചടിച്ച് ജയം നേടുകയായിരുന്നു. സ്കോർ: 4-6, 6-0, 6-3, 6-2.
അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച റോമൻ സഫിയുല്ലിനെതിരായ ആദ്യ റൗണ്ട് മത്സരത്തിൽ സ്പാനിഷ് താരം കോർട്ടിലേക്ക് അനായാസ ജയത്തോടെ തിരിച്ചെത്തിയിരുന്നു. അതേസമയം ഈ വർഷത്തെ തന്റെ ആദ്യ ‘ഈവനിംഗ് സെഷൻ’ മത്സരത്തിൽ പ്രതിരോധത്തിലാകുന്നതാണ് ഇന്നലെ കണ്ടത്. അടുത്ത റൗണ്ടിൽ ചൈനയുടെ വു യിബിംഗിനെയാണ് അൽകeരസ് നേരിടുക.
സബലെങ്ക
ഒന്നാം സീഡായ സബലെങ്ക പോളിന യാറ്റ്സെങ്കോയെ അനായാസം പരാജയപ്പെടുത്തി. 53 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ 6-1, 6-1 സ്കോറിനായിരുന്നു സബലെങ്കയുടെ ജയം.
മറ്റ് മത്സരങ്ങളിൽ ലിൻഡ നോസ്കോവ 6-4, 6-2 സ്കോറിന് ലൻലാന ടറാറൂഡിനെ പരാജയപ്പെടുത്തി. മൂന്ന് സെറ്റ് പോരാട്ടത്തിൽ എലീന സ്വിറ്റോലിന 6-2, 6-7, 6-4 സ്കോറിന് മായ ജോയിന്റിനെ തോൽപ്പിച്ചു. കരോളിന മുച്ചോവ 6-1, 6-0ന് കാറ്റി ബൗൾട്ടറിനെയും പരാജയപ്പെടുത്തി ടൂർണമെന്റിൽ മുന്നേറ്റം തുടർന്നു.