കൊച്ചി: ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കും തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡും ചേർന്ന് ബോർഡർലെസ് പ്രീപെയ്ഡ് മൾട്ടി കറൻസി കാർഡ് അവതരിപ്പിച്ചു.
ബാങ്കിന്റെ ഫോറെക്സ് സേവനങ്ങളും രാജ്യാന്തര ബാങ്കിംഗ് പ്രവർത്തനങ്ങളും വിപുലീകരിക്കുന്നതിന്റെ ഭാഗമായുള്ള പങ്കാളിത്തത്തിന്റെ ആദ്യ കാർഡ് പുറത്തിറക്കി. ഇസാഫ് ബാങ്കിന്റെ ബാങ്കിംഗ്, ഫോറിൻ എക്സ്ചേഞ്ച് സേവനങ്ങളും തോമസ് കുക്കിന്റെ ട്രാവൽ, ഫോറെക്സ് രംഗത്തെ വൈദഗ്ധ്യവും സംയോജിപ്പിക്കുന്നതാണു സഹകരണം. ഒറ്റ പ്രീപെയ്ഡ് കാർഡിലൂടെ ഒന്നിലധികം വിദേശ കറൻസികൾ കൈകാര്യം ചെയ്യാനും വിദേശത്തുള്ള അംഗീകൃത ഇടപാടുകൾ നടത്താനും ഉപയോക്താക്കൾക്കു കഴിയും.
വിദേശയാത്രയ്ക്കിടെ പണം കൈകാര്യം ചെയ്യുന്നതു കൂടുതൽ ലളിതവും സൗകര്യപ്രദവുമാക്കുകയാണു ലക്ഷ്യമെന്ന് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഡോ. കെ. പോൾ തോമസ് പറഞ്ഞു.
ചടങ്ങിൽ തോമസ് കുക്ക് (ഇന്ത്യ) ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ഫോറെക്സ് കാർഡ്സ് വിഭാഗം വൈസ് പ്രസിഡന്റ് അതീഖ് ഖാൻ, ഫോറെക്സ് സർവീസസ് വിഭാഗം സോണൽ ഹെഡ് സുശാന്ത് ശ്രീനിവാസ്, ഇസാഫ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സി.പി. ഗിരീഷ്, കെ.കെ. ചന്ദ്രാംഗദൻ എന്നിവർ പങ്കെടുത്തു. ആദ്യ കോ-ബ്രാൻഡഡ് കാർഡ് ഡോ. കെ. പോൾ തോമസിനു കൈമാറി.