കൂരാച്ചുണ്ട്: കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന വിനോദ സഞ്ചാര കേന്ദ്രമായ ജലസേചന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂരാച്ചുണ്ട് പഞ്ചായത്തിലെ തോണിക്കടവ്, കരിയാത്തുംപാറ ടൂറിസം കേന്ദ്രങ്ങൾ വികസനത്തിനായുള്ള കാത്തിരിപ്പിൽ. തോണിക്കടവ് ടൂറിസം പദ്ധതി 2021-ലാണ് ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം തുറന്ന് പ്രവർത്തനമാരംഭിച്ചത്.
രണ്ട് ഘട്ടങ്ങളിലായി ടൂറിസം വകുപ്പ് 3.91കോടി ചെലവഴിച്ചാണ് ജലസേചന വകുപ്പ് മുഖേന പദ്ധതിക്ക് തുടക്കം കുറിച്ചത്. ടിക്കറ്റ് കൗണ്ടർ, കഫ്റ്റീരിയ, വ്യൂ ടവർ, വാക് വേ, ഇരിപ്പിടങ്ങൾ, ആംഫി തിയേറ്റർ, ഗ്രീൻ റൂം, മാലിന്യ സംസ്കരണം, കുട്ടികളുടെ പാർക്ക്, ബോട്ട് ജെട്ടി, ലാൻഡ് സ്കേപ്പിംഗ് എന്നിവയാണ് പദ്ധതിയിലുള്ളത്. ജില്ലയുടെ അകത്തും പുറത്തും നിന്നുമായി അനുദിനം ആയിരക്കണക്കിന് സന്ദർശകരാണ് തോണിക്കടവിൽ എത്തിച്ചേരുന്നത്.
എന്നാൽ പ്രവേശന പാസ് എടുത്ത് സമയം ചെലവഴിക്കാനെത്തുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് കേന്ദ്രത്തിലെ വിനോദത്തിനുള്ള സൗകര്യങ്ങൾ അപര്യാപ്തമാണെന്നാണ് സന്ദർശകരിൽ നിന്നുള്ള ആക്ഷേപം.