ന്യൂഡൽഹി: എസ്ഐആർ നടപടിക്രമങ്ങൾ തുടരുന്ന സംസ്ഥാനങ്ങളിൽ കരട് വോട്ടർപട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവർക്ക് എന്യൂമറേഷൻ ഫോം സമർപ്പിക്കാമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് ഇതുസംബന്ധിച്ച നിർദേശം കൈമാറിയതായും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷൻ സുപ്രീംകോടതിയെ അറിയിച്ചു.
നേരത്തേ ഫോം സമർപ്പിക്കാത്തതിനാൽ പട്ടികയിൽനിന്ന് പുറത്തായവർക്കാണ് ഈ അവസരം ലഭിക്കുക. പുതിയ നിർദേശപ്രകാരം, വോട്ടർമാർക്കു നിലവിലെ സ്ഥിരതാമസ സ്ഥലത്തെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്കോ (ഇആർഒ) അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫിസർക്കോ (എഇആർഒ) പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ സമർപ്പിക്കാം.
തെരഞ്ഞെടുപ്പു പ്രക്രിയയുടെ ശുദ്ധി ഉറപ്പാക്കുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും കമ്മിഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഡൽഹിയിലെ വോട്ടർപട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഒഴിവാക്കപ്പെട്ട വോട്ടർമാരെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തുന്നതിനുള്ള വഴികൾ പരിശോധിക്കാൻ സുപ്രീംകോടതി നിർദേശിച്ചിരുന്നു.
തുടർന്നാണ് എസ്ഐആർ നടക്കുന്ന സംസ്ഥാനങ്ങളിൽ കരട് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കപ്പെട്ടവർക്ക് എന്യൂമറേഷൻ ഫോം നൽകി വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അനുമതി തെരഞ്ഞെടുപ്പു കമ്മിഷൻ നൽകിയത്.
പഴയ വിലാസത്തിൽത്തന്നെ തുടരുന്നവർ, നേരത്തേ ഫോം സമർപ്പിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കുന്ന പ്രസ്താവനയോടൊപ്പം ഒപ്പിട്ട എന്യൂമറേഷൻ ഫോം നൽകണം. ഇആർഒ, എഇആർഒ, ബൂത്ത് ലെവൽ ഓഫിസർ (ബിഎൽഒ) എന്നിവർക്കു നേരിട്ടോ കുടുംബാംഗങ്ങൾ വഴിയോ ഫോം സമർപ്പിക്കാം. കൂടാതെ ഓൺലൈനായും അപേക്ഷ നൽകാമെന്ന് കമ്മിഷൻ കോടതിയെ അറിയിച്ചു. അർഹരായ ഒരു വോട്ടർപോലും ഒഴിവാക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനും ഇരട്ട വോട്ടുകൾ തടയാനും കൃത്യമായ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ കമ്മിഷൻ വ്യക്തമാക്കി.
ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി (ഐടി, ഐസിടി) വിഭാഗത്തിന്റെ ഭരണപരമായ മേൽനോട്ടം സംബന്ധിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തിയുള്ള സത്യവാങ്മൂലവും തെരഞ്ഞെടുപ്പ് കമ്മിഷൻ കോടതിയിൽ നൽകി.
ഐടി/ഐസിടി ഡിവിഷന്റെ മേൽനോട്ടവുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലിന് പുറത്തിറക്കിയ പുതിയ ഉത്തരവിലൂടെ ഇതിന്റെ മേൽനോട്ടം ഒര മുതിർന്ന ഡെപ്യൂട്ടി ഇലക്ടറൽ കമ്മിഷണർക്കു (ഡിഇസി) നൽകിയിട്ടുണ്ട്. ഐടി വിഭാഗം എല്ലായ്പ്പോഴും ഡെപ്യൂട്ടി ഇലക്ഷൻ കമ്മിഷണറുടെ മേൽനോട്ടത്തിലാണു പ്രവർത്തിച്ചുവരുന്നതെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കമ്മിഷൻ വ്യക്തമാക്കി.