വൈക്കം: മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിനും ഉദയനാപുരം ശ്രീസുബ്രന്മണ്യ ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിനുമുള്ള കൊടിക്കൂറയുടെ നിർമാണം പൂർത്തിയാകുന്നു. ചെങ്ങന്നൂർ ആലത്തൂർ കെ.ജി. സാജനാണ് 30 ദിവസമായി വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഭജനമിരുന്ന് ഇരു ക്ഷേത്രത്തിലെയും കൊടിക്കുറകൾ നിർമിക്കുന്നത്. പാരമ്പര്യമായി ക്ഷേത്ര സംബന്ധമായ ചമയങ്ങൾ തീർക്കുന്ന ചെങ്ങന്നൂർ മുണ്ടൻകാവ് ആലത്തൂർ കുടുംബാംഗമായ സാജന്റെ പിതാവ് പരേതനായ ഗോപാലകൃഷ്ണനും ക്ഷേത്ര ചമയങ്ങൾ തീർക്കുന്ന ആളായിരുന്നു.
ക്ഷേത്രച്ചമയം മുണ്ടൻകാവ് എന്ന പേരിൽ ക്ഷേത്ര ചമയം നെറ്റിപ്പട്ട നിർമാണശാല മുണ്ടൻകാവിൽ നടത്തിവരുന്ന സാജൻ 15-ാം വയസിൽ ക്ഷേത്ര ചമയങ്ങൾ ഒരുക്കിത്തുടങ്ങിയതാണ്. 47കാരനായ സാജൻ കഴിഞ്ഞ 25 വർഷമായി വൈക്കത്തഷ്ടമി കൊടിയേറ്റിനും 23 വർഷമായി ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കാർത്തിക മഹോത്സവ കൊടിയേറ്റിനും കൊടിക്കൂറതുന്നി വരികയാണ്. അഞ്ച് മീറ്റർ നീളമുള്ള ഋഷഭാങ്കിതമായ കൊടിക്കുറയ്ക്ക് ഏഴു വർണങ്ങളാണുള്ളത്. മുന്തിയ ഇനം പട്ടുകളും കമ്പിള്ളിയും 21 കോളങ്ങളിലായാണ് തുന്നിച്ചേർത്തിരിക്കുന്നത്.
ശബരിമലയിൽ സ്വർണ കൊടിമരം സ്ഥാപിച്ച ശേഷം ധ്വജപ്രതിഷ്ഠയ്ക്കുള്ള കൊടിക്കുറ തയാറാക്കിയത് സാജനും ജേഷ്ഠൻ കെ.ജി.ബാബുവും ചേർന്നായിരുന്നു.14ന് രാവിലെ ഒൻപതിനും 10.30നും ഇടയിൽ ഇരു ക്ഷേത്രങ്ങളിലും കൊടിക്കൂറ സമർപ്പിക്കും. ആദ്യം ഉദയനാപുരത്തും പിന്നീട് വൈക്കം മഹാദേവ ക്ഷേത്രത്തിലും കൊടിക്കുറ സമർപ്പിക്കും.