ഹരിപ്പാട്: ഒരേസമയം ഭരണാനുമതി ലഭിച്ച രണ്ടു പദ്ധതികൾ; ഒന്നിന്റെ നിർമാണം അതിവേഗം പുരോഗമിക്കുന്നു, മറ്റൊന്ന് ഉദ്യോഗസ്ഥരുടെ അലംഭാവത്തിൽ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുന്നു. തൃപ്പക്കുടം കുതിക്കുമ്പോൾ നങ്ങ്യാർകുളങ്ങര കിതയ്ക്കുന്ന കാഴ്ചയാണിവിടെ. ഭൂമിയേറ്റെടുക്കൽ നടപടികൾ പൂർത്തിയായി ഒരുവർഷം പിന്നിട്ടിട്ടും മാവേലിക്കര-നങ്ങ്യാർകുളങ്ങര റോഡിലെ മേൽപ്പാലം നിർമാണം അനിശ്ചിതത്വത്തിൽ തുടരുകയാണ്.
അഞ്ചുവർഷം മുൻപ് ഭരണാനുമതി ലഭിച്ച പദ്ധതിയാണിത്. പള്ളിപ്പാട്, ചേപ്പാട് വില്ലേജുകളിലായി ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാര തുക വിതരണം ചെയ്തിട്ടും നിർമാണപ്രവർത്തനങ്ങൾ തുടങ്ങാൻ ഉദ്യോഗസ്ഥർ കാട്ടുന്ന അലംഭാവം പ്രതിഷേധത്തിനു കാരണമാകുന്നു.
അതിർത്തി തിരിക്കാൻ വൈകുന്നു
ഏറ്റെടുത്ത ഭൂമിയുടെ അതിർത്തി നിർണയിച്ച് പൊതുമരാമത്ത് നിർമാണ വിഭാഗത്തിന് കൈമാറുന്നതിലാണ് ഉദ്യോഗസ്ഥതലത്തിൽ കാലതാമസം നേരിടുന്നത്. ഭൂമിയുടെ ഉടമസ്ഥാവകാശം സർക്കാരിലേക്ക് മാറിയെങ്കിലും പദ്ധതി പ്രദേശം വേർതിരിച്ച് കമ്പിവേലി കെട്ടുന്നതോ മണ്ണുപരിശോധനയോ ഉൾപ്പെടെയുള്ള പ്രാഥമിക ജോലികൾ പോലും തുടങ്ങിയിട്ടില്ല. തീരദേശ റെയിൽവേ വന്ന കാലം മുതൽ ഉയരുന്ന ആവശ്യമായിരുന്നിട്ടും അധികൃതർ മൗനം തുടരുകയാണ്.
നങ്ങ്യാർകുളങ്ങരയ്ക്ക് അവഗണന
നങ്ങ്യാർകുളങ്ങരയ്ക്കൊപ്പം തന്നെ അനുമതി ലഭിച്ച ഹരിപ്പാട് -തിരുവല്ല ലിങ്ക് റോഡിലെ തൃപ്പക്കുടം മേൽപ്പാലം നിർമാണം ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. തൃപ്പക്കുടത്തേക്കാൾ ഇരട്ടിയിലധികം ഗതാഗതത്തിരക്കുള്ള നങ്ങ്യാർകുളങ്ങരയിൽ മാത്രം എന്തുക്കൊണ്ട് പണി തുടങ്ങാൻ വൈകുന്നു എന്നതാണ് നാട്ടുകാരുടെ ചോദ്യം. ഒരേസമയം അനുമതി ലഭിച്ച രണ്ടു പദ്ധതികളിൽ ഒന്നിന് പ്രത്യേക പരിഗണന ലഭിക്കുമ്പോൾ നങ്ങ്യാർകുളങ്ങര അവഗണിക്കപ്പെടുന്നത് ദുരൂഹമാണെന്ന് ആരോപണമുണ്ട്.
ആംബുലൻസുകൾ കുടുങ്ങുന്നു
മാവേലിക്കരയിലെ പ്രധാന ആശുപത്രികളിൽനിന്ന് ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് രോഗികളുമായി പോകുന്ന ആംബുലൻസുകളുടെ പ്രധാന വഴിയാണിത്. ട്രെയിനുകൾ കടന്നുപോകാനായി ഗേറ്റ് അടയ്ക്കുമ്പോൾ 15 മുതൽ 20 മിനിറ്റ് വരെയാണ് കാത്തുനിൽപ്പ്.
ഗേറ്റ് തുറക്കുമ്പോഴേക്കും വാഹനങ്ങളുടെ നിര നീളുന്നതിനാൽ നങ്ങ്യാർകുളങ്ങര കവലയിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. നഷ്ടപരിഹാരം നൽകി സർക്കാർ നടപടികൾ പൂർത്തിയാക്കിയിട്ടും ഉദ്യോഗസ്ഥർ കണ്ണു തുറക്കുന്നില്ലെന്നും നിർമാണം ഉടൻ ആരംഭിച്ചില്ലെങ്കിൽ ശക്തമായ ജനകീയ സമരത്തിലേക്ക് നീങ്ങുമെന്നും പ്രദേശവാസികൾ മുന്നറിയിപ്പ് നൽകി.