തിരുവനന്തപുരം: കാൽപ്പന്തുകളിക്ക് പുതിയ ആവേശം വിതറിയ സൂപ്പർ ലീഗ് കേരളയിൽ സെമി പോരാട്ടം പിന്നിട്ട് കലാശക്കൊട്ടിന് ഇനി രണ്ടു ദിനം മാത്രം ബാക്കി. ലീഗ് റൗണ്ടിലും സെമി മത്സരങ്ങളിലുമായി വിവിധ സ്റ്റേഡിയങ്ങളിലായി കാൽപ്പന്തുകളിയുടെ ആവേശം വരവേൽക്കാനായി എത്തിയത് 3.79 ലക്ഷം കാണികൾ.
ഒക്ടോബർ രണ്ടിന് കോഴിക്കോട് സ്റ്റേഡിയത്തിൽ പുൽമൈതാനിയിൽ ഈ സീസണിലെ ആദ്യമത്സരത്തിന് പന്തുരുണ്ടപ്പോൾ കാഴ്ച്ചക്കാരായി ഒഴുകിയെത്തിയത് 21,903, പേർ. കാലിക്കറ്റ് എഫ്സിയും ഫോഴ്സാ കൊച്ചിയും തമ്മിലായിരുന്നു ഉദ്ഘാടന മത്സരം. സെമിഫൈനൽ പൂർത്തിയായപ്പോൾ 3,79,238 പേർ.
ഇതേ സ്റ്റേഡിയത്തിൽ തന്നെ ഡിസംബർ 14ന് നടന്ന കണ്ണൂർ വാരിയേഴ്സ് കാലിക്കറ്റ് എഫ്സി ആദ്യ സെമിയിൽ കാണികളുടെ എണ്ണം 29,388 പേർ. ഡിസംബർ 19ന് കണ്ണൂർ മുനിസിപ്പൽ സ്റ്റേഡിയൽ ഫൈനൽ പോരാട്ടത്തിന് വിസിൽ മുഴങ്ങുന്പോൾ കഴിഞ്ഞ വർഷത്തെ കാണികളുടെ റിക്കാർഡ് കുത്തൊഴുക്ക് മറികടക്കുമോ എന്നാണ് അറിയേണ്ടത്.
2024 സൂപ്പർ ലീഗ് ഫൈനലിൽ കാലിക്കറ്റ് എഫ്സിയും ഫോഴ്സാ കൊച്ചിയും കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ഏറ്റുമുട്ടിയപ്പോൾ ആരവവുമായി എത്തിയത് 35,672 പേരായിരുന്നു. ഈ റിക്കാർഡ് കണ്ണൂരിൽ മറികടക്കുമോ എന്നാണ് അറിയേണ്ടത്.
നവംബർ 11ന് നടന്ന കാലിക്കറ്റ്-തൃശൂർ മത്സരം കാണാനായി 20,276 പേരാണ് എത്തിയത്. നവംബർ 19ന് മഞ്ചേരി സ്റ്റേഡിയത്തിൽ മലപ്പുറം എഫ്സിയും കാലിക്കറ്റ് എഫ്സിയും ഏറ്റുമുട്ടിയ്പ്പോൾ ആവേശം വിതറി ഗാലറി അടക്കി വാണത് 22,956 കാണികളായിരുന്നു. കണ്ണൂർ വാരിയേഴ്സും തൃശൂർ മാജിക്സും തമ്മിൽ നവംബർ ഏഴിന് ഏറ്റുമുട്ടിയപ്പോൾ കാല്പന്തുകളിയുടെ പ്രേമികളായ 18,656 പേരാണ് ഗാലറിയിൽ ആർപ്പുവിളികളുമായി എത്തിയത്.
ഏറ്റവും കൂടുതൽ കാണികൾ ഗാലറി കൈയടക്കിയത് കാലിക്കറ്റ് എഫ്സിയുടേയും മലപ്പുറം എഫ്സിയുടേയും തൃശൂർ മാജിക്സിന്റെയും മത്സരങ്ങൾ കാണാനായിരുന്നു. കൊച്ചിയിലും തിരുവനന്തപുരത്തും നടക്കുന്ന എവേ മത്സരങ്ങൾ കാണായി ഈ ടീമുകളുടെ ആരാധകർ എത്തുമായിരുന്നു. കാണികൾ ഏറ്റവും കുറവ് ഇക്കുറികൊച്ചിയിലെ മത്സരങ്ങളിലായിരുന്നു.
ഇതുവരെ കഴിഞ്ഞത് 32 മത്സരങ്ങൾ;പിറന്നത് 79 ഗോളുകൾ...
സൂപ്പർ സലീഗ് കേരളയുടെ രണ്ടാം പതിപ്പിൽ 32 മത്സരങ്ങളാണ് ഇതുവരെ പൂർത്തിയായത്. ഈ മത്സരങ്ങളിലായി 79 ഗോളുകൾ പിറന്നു. ഇനി ബാക്കിയുള്ളത് കലാശപ്പോരാട്ടം മാത്രം. കാലിക്കറ്റ് എഫ്സി, തൃശൂർ മാജിക്സ്, മലപ്പുറം എഫ്സി, കണ്ണൂർ എഫ്സി, തിരുവനന്തപുരം കൊന്പൻസ്, ഫോഴ്സാ കൊച്ചി എഫ്സി എന്നീ ടീമുകളിലായി ആകെ ഇടംപിടിച്ചത് 168 താരങ്ങൾ. ഇതിൽ 36 വിദേശതാരങ്ങളും 132 ഇന്ത്യൻ താരങ്ങളും. 132 ഇന്ത്യൻ താരങ്ങളിൽ തന്നെ 109 മലയാളി താരങ്ങളെന്ന പ്രത്യേകത കേരളാ ഫുട്ബോളിന്റെ വളർച്ചയ്ക്ക് സൂപ്പർ ലീഗ് കേരളയുടെ ഒരു കൈയൊപ്പ് എന്നു പറയാൻ കഴിയും.
ധനകാര്യമാധ്യമങ്ങൾ നല്കുന്ന സൂചനകൾ പ്രകാരമാണെങ്കിൽ 100 കോടി രൂപയാണ് ക്ലബുകളും സംഘാടകരും ചേർന്ന് മത്സരനടത്തിപ്പിനായി ചെലവഴിക്കേണ്ടി വരുന്നത്. കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ളവ വിവിധ ടീമുകളെ വാങ്ങി മത്സര രംഗത്ത് ഇറക്കിയതോടെ സംസ്ഥാനത്തിൻറെ പല സ്റ്റേഡിയങ്ങളുടേയും അടിസ്ഥാന സൗകര്യങ്ങളിലും കാര്യമായ പുരോഗതി ഉണ്ടായി.
തിരുവനന്തപുരം ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ ഉൾപ്പെടെ മൈതാനം കൂടുതൽ മനോഹരമാക്കുകയും ഇതിന്റെ അറ്റകുറ്റപ്പണികൾ കൃത്യമായി നടത്തുകയും ചെയ്യുന്നു.
താരങ്ങൾക്കും മികച്ച അവസരവും കുഴപ്പമില്ലാത്ത പ്രതിഫലവും ലഭിക്കുന്നു. വരും വർഷങ്ങളിൽ സൂപ്പർ ലീഗ് കേരള കേരളാ ഫുട്ബോളിനെ സൂപ്പറാക്കുമെന്ന വിശ്വാസത്തോടെയാണ് കാല്പന്തുപ്രേമികൾ കാത്തിരിക്കുന്നത്.