കാസര്‍ഗോഡ്: കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ഉജ്വലവിജയം ആവര്‍ത്തിക്കാന്‍ എല്‍ഡിഎഫും കനത്ത തിരിച്ചടി മറക്കാന്‍ യുഡിഎഫും കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ ബിജെപിയും കച്ചകെട്ടിയിറങ്ങുമ്പോള്‍ ഭാഷാസംസ്കാര വൈവിധ്യങ്ങളുടെ സംഗമഭൂമിയായ കാസര്‍ഗോഡ് തീപാറും പോരാട്ടത്തിനു വേദിയാകും.
നിലവില്‍ ജില്ലാ പഞ്ചായത്തും നാലു ബ്ലോക്ക് പഞ്ചായത്തും 19 ഗ്രാമപഞ്ചായത്തും രണ്ടു നഗരസഭകളും ഭരിക്കുന്ന എല്‍ഡിഎഫിന് അതു നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ തന്നെ വലിയ നേട്ടമാണ്. സാമൂഹ്യസുരക്ഷ പെന്ഷന് വര്‍ധന, ലൈഫ് ഭവനപദ്ധതി തുടങ്ങിയ ക്ഷേമപദ്ധതികള്‍ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് അനുകൂലമായി വിധിയെഴുതാന്‍ വോട്ടര്‍മാരെ പ്രേരിപ്പിക്കുമെന്നും മുന്‍ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച വിജയം സ്വന്തമാക്കാമെന്നാണ് ഇടതുക്യാമ്പിന്റെ പ്രതീക്ഷ. വാര്‍ഡ് പുനര്‍വിഭജനത്തിന്റെ ആനുകൂല്യവും തങ്ങള്‍ക്ക് ലഭിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംവിധാനം അവരുടെ കരുത്താണ്. എം.വി. ഗോവിന്ദനും കെ.കെ. ശൈലജയും ഇ.പി. ജയരാജനും അടക്കമുള്ള നേതാക്കള്‍ പ്രചാരണത്തിനെത്തി.
അതേസമയം ഇനിയുമൊരു തിരിച്ചടി താങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ് യുഡിഎഫിന്. ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച പ്രധാന ആയുധമാക്കി സിപിഎമ്മിനെതിരേ ആഞ്ഞടിച്ച് നഷ്ടപ്പെട്ടതെല്ലാം തിരിച്ചുപിടിക്കാനാണ് യുഡിഎഫിന്റെ ശ്രമം. മുന്‍കാലങ്ങളില്‍നിന്നു വിഭിന്നമായി മുന്നണിക്കുള്ളില്‍ കാര്യമായി പ്രശ്നങ്ങളില്ലാത്തത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് യുഡിഎഫ് നേതൃത്വം പറയുന്നു.
വി.ഡി. സതീശന്, കെ.സി. വേണുഗോപാല്‍, സണ്ണി ജോസഫ്, പി.കെ. കുഞ്ഞാലിക്കുട്ടി, ഷാഫി പറമ്പില്‍ തുടങ്ങി പ്രമുഖ നേതാക്കളെല്ലാം യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനെത്തി. പതിവില്‍നിന്നു വിഭിന്നമായി സാമൂഹ്യമാധ്യമങ്ങളില്‍ ശക്തമായ പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. ലോക്സഭ തെരഞ്ഞെടുപ്പില്‍ സിപിഎം പാര്ട്ടിഗ്രാമങ്ങളില്പോലും മികച്ച മുന്നേറ്റം നടത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്.
കഴിഞ്ഞ തദ്ദേശതെരഞ്ഞെടുപ്പ് അവര്‍ക്ക് പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയതിന്റെ നിരാശ ഇത്തവണ മാറുമെന്നാണ് അവരുടെ പ്രതീക്ഷ. കന്നഡ ഭാഷാന്യൂനപക്ഷമാണ് അവരുടെ പ്രധാന വോട്ട് ബാങ്ക് എന്നതിനാല്‍ നളിന്‍കുമാര്‍ കട്ടീല്‍ അടക്കമുള്ള കര്‍ണാടക നേതാക്കളെ ഇറക്കിയായിരുന്നു പ്രചാരണം.
ജില്ലാ പഞ്ചായത്തില്‍ ഇഞ്ചോടിഞ്ച്
എല്‍ഡിഎഫും യുഡിഎഫും മാറിമാറി അധികാരത്തില്‍ വരുന്നതാണ് കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിന്റെ പതിവ്. എല്ലാതവണയും ഒരു സീറ്റിന്റെ വ്യത്യാസത്തിലാണ് ഭരണം അങ്ങോട്ടും ഇങ്ങോട്ടും മാറുന്നത്. കഴിഞ്ഞതവണ കൈവിട്ട ദേലംപാടി ഡിവിഷന് തിരിച്ചുപിടിക്കുകയും പുതുതായി രൂപീകരിച്ച ബേക്കല്‍ ഡിവിഷനിൽ വിജയിക്കുകയും ചെയ്ത് ഭരണം നിലനിര്‍ത്താനാണ് എല്‍ഡിഎഫ് ശ്രമം.
കഴിഞ്ഞതവണ അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടിവന്ന ചെങ്കള തിരിച്ചുപിടിക്കുകയെന്നത് അഭിമാനപ്രശ്നമായിട്ടാണ് യുഡിഎഫ് കാണുന്നത്. ദേലംപാടി ഡിവിഷന് നിലനിര്‍ത്താനും കള്ളാര്‍, പിലിക്കോട്, ചെറുവത്തൂര്‍ ഡിവിഷനുകള്‍ പിടിച്ചെടുക്കാനും കഴിയുമെന്നും യുഡിഎഫ് പ്രതീക്ഷിക്കുന്നു. ബിജെപിക്കും രണ്ടു സിറ്റിംഗ് സീറ്റുകളുണ്ട്. ഇതുകൂടാതെ വോര്‍ക്കാടി ഡിവിഷനിലും അവര്‍ അട്ടിമറിജയം പ്രതീക്ഷിക്കുന്നു.
പഞ്ചായത്തിലും ത്രികോണപ്പോര്
വെസ്റ്റ് എളേരി, പുല്ലൂര്‍-പെരിയ പഞ്ചായത്തുകള്‍ നഷ്ടപ്പെട്ടത് മാത്രമായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനുണ്ടായ നിരാശ. ഇക്കുറി ഇവ രണ്ടും തിരിച്ചുപിടിക്കുമെന്ന ആത്മവിശ്വാസത്തിലാണ് അവര്‍.
വോര്‍ക്കാടി, മഞ്ചേശ്വരം, മീഞ്ച, മുളിയാര്‍, ഉദുമ, പടന്ന പഞ്ചായത്തുകളാണ് യുഡിഎഫിന് നഷ്ടപ്പെട്ടത്. മുസ്ലിംലീഗിനേറ്റ തിരിച്ചടിയാണ് പലയിടത്തും യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമാകുന്നതില്‍ നിര്‍ണായകമായത്. നഷ്ടപ്പെട്ട സ്വാധീനമേഖലകള്‍ ഇക്കുറി തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ യുഡിഎഫിന് സംശയമില്ല.
കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും കേവലഭൂരിപക്ഷമില്ലാത്തതിനാല്‍ മൂന്നു പഞ്ചായത്തുകളില്‍ ബിജെപിക്ക് ഭരിക്കാന്‍ കഴിഞ്ഞിരുന്നില്ല. അവിടങ്ങളില്‍ ഇക്കുറി വ്യക്തമായ ആധിപത്യം നേടിയെടുത്ത് അധികാരത്തിലേറുമെന്നാണ് ബിജെപിയുടെ അവകാശവാദം. കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ ബ്ലോക്കുകളിലും നില മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നു.
അതേസമയം ബ്ലോക്ക് പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് വ്യക്തമായ ആധിപത്യമുണ്ട്. നീലേശ്വരം, പരപ്പ, കാഞ്ഞങ്ങാട്, കാറഡുക്ക ബ്ലോക്കുകളില്‍ അനായാസം ജയിച്ചുകയറാമെന്നുതന്നെയാണ് അവരുടെ പ്രതീക്ഷ. പരപ്പ ബ്ലോക്കില്‍ ഇത്തവണ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്താന്‍ കഴിയുമെന്നാണ് യുഡിഎഫിന്റെ അവകാശവാദം.
നഗരഭരണം പിടിക്കാന്‍
ജില്ലയിലെ ഏറ്റവും വലിയ നഗരസഭയായ കാഞ്ഞങ്ങാട് കഴിഞ്ഞ രണ്ടുതവണയാണ് യുഡിഎഫിന് കൈവിട്ടുപോയത്. അതു തിരിച്ചുപിടിക്കുകയെന്നതാവും യുഡിഎഫ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് സിപിഎമ്മിന്റെ ഭാഗത്തു നിന്നുണ്ടായത്.
മുസ്ലിംലീഗിന് ഒരു പരിധിവരെ പിടിച്ചുനില്‍ക്കാനായെങ്കിലും കോണ്‍ഗ്രസിന് വലിയ ക്ഷീണം സംഭവിച്ചു. ആറു വാര്‍ഡുകള്‍ ഭരിക്കുന്ന ബിജെപിയും നിര്‍ണായകശക്തിയാണ്. അതേസമയം കാസര്‍ഗോഡ് യുഡിഎഫിനും നീലേശ്വരത്ത് എല്‍ഡിഎഫിനും കാര്യമായ വെല്ലുവിളികളില്ല.
നീലേശ്വരത്ത് നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷയെങ്കില്‍ ഇത്തവണയെങ്കിലും ഇവിടെ അക്കൗണ്ട് തുറക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കാസര്‍ഗോഡ് നഗരസഭയില്‍ മികച്ച പോരാട്ടത്തിന് ബിജെപി ഒരുങ്ങുമ്പോള്‍ കഴിഞ്ഞതവണ ഇവിടെ ഒരു സീറ്റ് പോലും നേടാന്‍ കഴിയാത്ത നാണക്കേട് മാറ്റാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്.