കല്ലടിക്കോട്: കാട്ടാനശല്യം അതിരൂക്ഷമായ കരിമ്പയിലെ മൂന്നേക്കറിൽ കടുത്ത ഭീഷണിയായി പുലിശല്യവും.പ്രദേശത്തെ വീടുകളിൽ പശു, ആട്, നായ തുടങ്ങിയ വളർത്തിയിരുന്നതു ഇപ്പോൾ നാമമാത്രമായി. പുലികൾ വളർത്തു നായ്ക്കളെ തിന്നുതീർക്കുന്നത് പ്രദേശവാസികളെ കടുത്ത ആശങ്കയിലാകുന്നുണ്ട്.
രാത്രികാലങ്ങളിൽ ജനവാസകേന്ദ്രങ്ങളിൽ കാട്ടാനകളെത്തി കൃഷിനശിപ്പിക്കുന്ന കാര്യം പലരും അറിയുന്നതുതന്നെ കാവലായുള്ള വളർത്തുനായ്ക്കൾ കുരച്ചുണർത്തുമ്പോഴാണ്. പുലികൾ പ്രദേശത്തെ വളർത്തുനായ്ക്കളെ പിടികൂടുന്നതു പതിവായതോടെ ഇത്തരത്തിലുള്ള കാവലും അപകടസൂചനകളും ഇല്ലാതാകുന്ന സ്ഥിതിയാണ്.
മൂന്നേക്കർ ഇടപ്പറമ്പ് മാരാപ്പറമ്പിൽ വിൻസന്റിന്റെ വളർത്തുനായയെ ശനിയാഴ്ച്ച പുലർച്ചെ പുലി കൊണ്ടുപോയി.വീടിനോടു ചേർന്നുള്ള ഷെഡിൽ ചങ്ങലയിൽ ബന്ധിച്ചിരുന്ന നായയെ പുലി പിടിച്ചു കൊണ്ടുപോകുകയായിരുന്നു.
നായയുടെ കരച്ചിൽകേട്ട് വീട്ടുകാർ ഉണർന്നപ്പോഴേയ്ക്കും പുലി ഇതിനെ തൂക്കിക്കൊണ്ട് അടുത്ത പുരയിടത്തിലൂടെ മുണ്ടനാട് ഭാഗത്തേയ്ക്കു നീങ്ങുകയായിരുന്നു.
വീടിന്റെ വശങ്ങളിൽ പുലിയുടെ കാൽപ്പാടുകൾ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
അടുത്തകാലത്തായി ഈ പ്രദേശത്തെ വിവിധ വീടുകളിൽനിന്നായി അഞ്ചു നായ്ക്കളെ പുലി കൊന്നുതിന്നിട്ടുണ്ട്. കൂടാതെ തുടിക്കോട്, മണലിൽ ഭാഗങ്ങളിലും ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ട്.പുലിക്കെണികൾ സ്ഥാപിക്കണമെന്ന ദീർഘകാലത്തെ ആവശ്യം വനംവകുപ്പ് മുഖവിലയ്ക്കെടുക്കാത്തതിലും ജനരോഷം ശക്തമാണ്.