ന്യൂഡൽഹി: ജന്തർ മന്തർ മേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സമരക്കാരെ ബുദ്ധിമുട്ടിക്കാൻ നടപടികളുമായി ഡൽഹി പോലീസ്.
സമരമേഖലയിൽ സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയ ഭക്ഷണവിതരണ ആപ്പുകൾക്കും മറ്റ് ഇ-കൊമേഴ്സ് കമ്പനികൾക്കും പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി ആളുകൾ സമരക്കാർക്ക് ഓൺലൈനായി ഭക്ഷണം ഓർഡർ ചെയ്തു നൽകിയിരുന്നു.
ഓൺലൈൻ ആപ്പുകൾ വഴിയാണ് സമരക്കാർക്ക് പ്രധാനമായും ഭക്ഷണം എത്തുന്നത്. എന്നാൽ ഇത്തരം ഓൺലൈൻ ആപ്പുകൾക്കു നിയന്ത്രണമേർപ്പെടുത്തി സമരക്കാരെ വലയ്ക്കാനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്. ഇതോടൊപ്പം ജന്തർ മന്തർ മേഖലയിലേക്കുള്ള യാത്രയ്ക്കും ഡൽഹി പോലീസ് നിയന്ത്രണം ഏർപ്പെടുത്തി. അത്യാവശ്യമില്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നാണു നിർദേശം.
തുടർച്ചയായ മൂന്നാം ദിവസവും സെൻട്രൽ ഡൽഹിയിലെ 17 മെട്രോ സ്റ്റേഷനുകൾ അടഞ്ഞുകിടന്നു. മെട്രോ മാർഗം പ്രതിഷേധക്കാർ എത്തുന്നത് തടയുകയാണു ലക്ഷ്യം.
രാവിലെ 7.30 മുതൽ മെട്രോ സ്റ്റേഷനുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഈ മേഖലയിലേക്ക് എത്തേണ്ട വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടക്കം നിരവധി ജോലിക്കാർ ദുരിതം നേരിടുന്നു.
കൂടാതെ റോഡുകൾ പൂർണമായും ബാരിക്കേഡുകൾക്കൊണ്ട് നിറച്ചിരിക്കുന്നത് വലിയ ഗതാഗതക്കുരുക്കിനും കാരണമാകുന്നു. മിക്കയിടത്തും വാഹനം തടഞ്ഞു പോലീസ് പരിശോധന നടത്തുന്നുണ്ട്.
സമരത്തെ അനുകൂലിക്കുന്നവർ പരമാവധി പ്രദേശത്തേക്ക് എത്തിക്കാതിരിക്കുന്നതിനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടും ജന്തർ മന്തറിലേക്ക് എത്തുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്.
കൂടാതെ പ്രദേശത്ത് ഇന്റർനെറ്റ് സൗകര്യം മൂന്നാം ദിനവും പൂർണമായും വിച്ഛേദിച്ചിരിക്കുകയാണ്. ജന്തർ മന്തറിനോടു ചേർന്ന ഒന്നര കിലോമീറ്റർ ദൂരപരിധിയിലാണ് ഇന്റർനെറ്റ് നിയന്ത്രണം.
ഇന്റർനെറ്റോ മൊബൈൽ നെറ്റ്വർക്കോ ഇല്ലാതിരുന്ന സാഹചര്യത്തിൽ പ്രതിഷേധക്കാർ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന സൗജന്യ സന്ദേശമയക്കൽ ആപ്പായ ബിറ്റ്ചാറ്റ് പ്ലാറ്റ്ഫോമിൽനിന്നു നീക്കം ചെയ്യാൻ മൈക്രോസോഫ്റ്റിന്റെ ഉടമസ്ഥതയിലുള്ള ജിറ്റ്ഹബ്ബിനോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു.
ആപ്പ് രാജ്യസുരക്ഷയ്ക്കും ക്രമസമാധാന പാലനത്തിനും വെല്ലുവിളിയാണെന്നു ചൂണ്ടിക്കാട്ടിയാണ് നീക്കം.