ന്യൂഡൽഹി: റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിയുടെ ഭാര്യ ടിന അംബാനിക്ക് കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ സമൻസ് അയയ്ക്കും. മുൻ നടികൂടിയായ ടിനയോട് (68) തിങ്കളാഴ്ച മൊഴി നൽകാൻ ഫെഡറൽ ഏജൻസി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ടിന ഇതിനു തയാറായില്ലെന്നും അതിനാൽ ചോദ്യംചെയ്യലിനുവേണ്ടി സമൻസ് അയയ്ക്കാനാണ് തീരുമാനമെന്നും ഇഡിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പിഎംഎൽഎ) അവരുടെ മൊഴി രേഖപ്പെടുത്താനിരിക്കുന്നതിനാൽ ഉടൻതന്നെ അവരെ വീണ്ടും വിളിപ്പിക്കുമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.
റിലയൻസ് ഗ്രൂപ്പ് കന്പനികളെയും ടിനയുടെ ബാങ്ക് വായ്പകളെയും കുറിച്ചുള്ള അന്വേഷണങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം അനിൽ അംബാനിയെ ഇഡി ചോദ്യം ചെയ്തിരുന്നു. ന്യൂയോർക്കിലെ മാൻഹട്ടനിൽ ആഡംബര കെട്ടിടം വാങ്ങിയതുമായി ബന്ധപ്പെട്ട് ടിനയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന. ഈ കേസിൽ മുൻ റിലയൻസ് കമ്യൂണിക്കേഷൻ പ്രസിഡന്റ് പുനിത് ഗാർഗിനെ ഇഡി അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു.