മാന്നാനം: വിശുദ്ധ കുര്യാക്കോസ് ഏലിയാസ് ചാവറയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ 12 -ാം വാർഷികാഘോഷങ്ങൾ ഇന്ന് മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പള്ളിയിൽ നടക്കും. മുഖ്യമന്ത്രി വി.ഡി. സതീശൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. സിഎംഐ സഭാസ്ഥാപനത്തിന്റെ ദ്വിശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ഭവന പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും.
ആശ്രമം പള്ളി അങ്കണത്തിൽ തയാറാക്കിയിരിക്കുന്ന പന്തലിൽ ഉച്ചയ്ക്ക് 12.30നു നടക്കുന്ന സമ്മേളനത്തിൽ പ്രിയോർ ജനറൽ ഫാ. പോൾ ആച്ചാണ്ടി സിഎംഐ അധ്യക്ഷത വഹിക്കും. നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണവും മന്ത്രി മോൻസ് ജോസഫ് വിശുദ്ധ ചാവറ അനുസ്മരണവും നടത്തും.
വികാരി ജനറൽ ഫാ. ബെന്നി നൽക്കര സിഎംഐ, തിരുവന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻസ് പ്രൊവിൻഷ്യൽ ഫാ. ടോമി കാട്ടാമ്പള്ളി സിഎംഐ, ഫ്രാൻസിസ് ജോർജ് എംപി, നാട്ടകം സുരേഷ് എംഎൽഎ, ജോസഫ് വാഴയ്ക്കൻ, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി ഒ.എ, മാന്നാനം സെന്റ് ജോസഫ്സ് ആശ്രമം പ്രിയോർ ഫാ. ജോസഫ് വട്ടപ്പറമ്പിൽ സിഎംഐ എന്നിവർ പ്രസംഗിക്കും.
വിദ്യാർഥികളുടെ തീർഥാടനം ഇന്ന്
ചാവറയച്ചന്റെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ന് മാന്നാനത്ത് വിദ്യാർഥികളുടെ തീർഥാടനം നടത്തും. കെഇ സ്കൂൾ അങ്കണത്തിൽ നിന്ന് ആശമം പള്ളിയിലേക്കാണ് തീർഥാടനം.സിഎംഐ സഭയുടെ തിരുവനന്തപുരം പ്രൊവിൻസിലെ 76 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള മൂവായിരം വിദ്യാർഥികളും അധ്യാപകരും രാവിലെ മാന്നാനം കെഇ സ്കൂൾ അങ്കണത്തിൽ സംഗമിച്ച ശേഷം ആശ്രമം പള്ളിയിൽ വിശുദ്ധ ചാവറയച്ചന്റെ കബറിടത്തിലേക്ക് തീർഥാടനം നടത്തും.