വടക്കഞ്ചേരി: കണ്ണമ്പ്ര സെന്റ് ജോസഫ് ദേവാലയത്തിലേയും ജോസ്ഗിരി സെന്റ് ജോസഫ് ദേവാലയത്തിലേയും തിരുനാൾ ഇന്ന് ആഘോഷിക്കും. കണ്ണമ്പ്ര പള്ളിയിൽ വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ തിരുനാളിന് തുടക്കം കുറിച്ച് കഴിഞ്ഞദിവസം കൊടിയേറ്റ് നടത്തി.
തുടർന്ന് പരേതസ്മരണ, കുർബാന, ലദീഞ്ഞ്. ഫാ. ബ്രിന്റോ മനയത്ത് ചങ്ങനാശേരി, ഫാ. സാൻജോ ചിറയത്ത് എന്നിവർ കാർമികരായി. ഇന്നലെ വൈകുന്നേരം കുർബാന, ലദീഞ്ഞ് എന്നിവ നടന്നു. ഫാ. ജിബിൻ കണ്ടത്തിൽ കാർമികനായി. തുടർന്ന് ഇടവകാംഗങ്ങളുടെ കലാവിരുന്നുണ്ടായി.
പ്രധാന തിരുനാൾദിനമായ ഇന്ന് വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാന. ഫാ. ജോൺസൺ ചെറുകുന്നേൽ കാർമികനാകും. വള്ളിയോട് സെന്റ് ഫ്രാൻസിസ് ആശ്രമത്തിലെ ഫാ.ജിറ്റോ കപ്യാരുമലയിൽ ടിഒആർ വചനസന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം എന്നിവയാണ് പരിപാടികൾ.
വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ.സാൻജോ ചിറയത്ത്, ജനറൽ കൺവീനർ വിൽസൺ മഞ്ഞളി, ജോയിന്റ് കൺവീനർ ബെന്നി മാത്യു ഒടുവേലിൽ, കൈക്കാരന്മാരായ ജോണി താന്നിക്കൽ, തോമസ് പുലിക്കുന്നേൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.
ജോസ്ഗിരി സെന്റ് ജോസഫ് ദേവാലയത്തിലെ തിരുനാളും ഊട്ടുനേർച്ചയും ഇന്ന് ആഘോഷിക്കും. ഇന്ന് രാവിലെ പത്തിന് ആഘോഷമായ കുർബാന ലദീഞ്ഞ്, പ്രദക്ഷിണം, ഊട്ടുനേർച്ച. ഫാ. വിനീത് വാഴേക്കുടിയിൽ സിഎംഐ കാർമികനാകും. നാളെ രാവിലെ 6.30ന് ഇടവകയിലെ പരേതർക്കായുള്ള കുർബാനയോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും. തിരുനാളിന് തുടക്കം കുറിച്ച് കഴിഞ്ഞ ദിവസം യുവക്ഷേത്ര കോളജ് ഡയറക്ടർ ഫാ.ഡോ. മാത്യു വാഴയിൽ കൊടിയേറ്റ് നിർവഹിച്ചു.
തുടർന്ന് കുർബാന, ലദീഞ്ഞ്, സ്നേഹവിരുന്ന്, കലാപരിപാടികൾ, സമ്മാനദാനം എന്നിവ നടന്നു. ഇന്നലെ വൈകുന്നേരം നടന്ന ആഘോഷമായ കുർബാനയ്ക്ക് ഫാ. ആൻസൻ മേച്ചേരി കാർമികനായി. തുടർന്ന് പ്രദക്ഷിണം, ബാൻഡ് മേളം എന്നിവയുണ്ടായി.
വികാരി ഫാ. ക്രിസ്റ്റോ കാരക്കാട്, കൈക്കാരന്മാരായ ബെന്നി വല്ലയിൽ, റോയ് വടക്കേചവ്വരൂർ, കൺവീനർ ജോമോൻ മുതുകാട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ പരിപാടികൾ.