കൊച്ചി: മുന്‍ ഡിജിപി ടോമിന്‍ ജെ. തച്ചങ്കരി ജയിലിൽ തുടരും. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ശിക്ഷ സ്റ്റേ ചെയ്യരുതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. പാരമ്പര്യമായി കിട്ടിയ സ്വത്തുക്കളാണ് കൈവശമുണ്ടായിരുന്നത് എന്നായിരുന്നു തച്ചങ്കരിയുടെ വാദം.
കോട്ടയം വിജിലന്‍സ് കോടതിയാണ് തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവും മുപ്പത് ലക്ഷത്തിലധികം രൂപ പിഴയും വിധിച്ചത്. 2003 ജനുവരി ഒന്ന് മുതല്‍ 2007 ജൂലായ് ഏഴ് വരെയുള്ള കാലയളവില്‍ വരവില്‍ കവിഞ്ഞ 64 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
എന്നാല്‍ തന്‍റെ കുടുംബസ്വത്ത്, ലഭിക്കുന്ന വാടക വിവരങ്ങള്‍, വരവ് ചെലവ് കണക്കുകള്‍ എന്നിവ പരിശോധിക്കുന്നതില്‍ വിജിലന്‍സ് കോടതിക്ക് പിഴവ് സംഭവിച്ചിട്ടുണ്ട്. ഇതില്‍ വിശദമായ വാദം കേട്ട് ശിക്ഷ റദ്ദാക്കണം, അതുവരെ ഇടക്കാല ജാമ്യം നല്‍കണമെന്നായിരുന്നു തച്ചങ്കരിയുടെ ആവശ്യം.