നെയ്യാറ്റിന്‍കര: സമൃദ്ധിയുടെ പൊന്പ്രതീകമായ മേട വിഷു നാളെ. വിഷുവിനുള്ള കണിയൊരുക്കം ഇന്നു നടക്കും. ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയും വിജയാഘോഷങ്ങളുടെ ഐതിഹ്യങ്ങള്‍ വിഷുവുമായി ബന്ധപ്പെട്ട് പ്രചാരത്തിലുണ്ടെങ്കിലും മലയാളിയെ സംബന്ധിച്ചിടത്തോളം കാര്‍ഷികോത്സവം എന്നതിനാണ് പ്രാധാന്യം.
വിഷുക്കണി ഒരുക്കലും കൈനീട്ടം നല്‍കലും കുടുംബാംഗങ്ങള്‍ ഒരുമിച്ച് സദ്യകഴിക്കുകയുമൊക്കെ ഈ ഐശ്വര്യോത്സവത്തിന്റെ മനോഹരമായ അധ്യായങ്ങളാണ്. വിഷുവിന്റെ വരവ് അറിയിക്കുന്നത് കണിക്കൊന്ന പൂക്കളാണ്. വീട്ടുമുറ്റങ്ങളിലും പുരയിടങ്ങളിലും പാതയോരങ്ങളിലുമെല്ലാം സ്വര്‍ണവര്‍ണം പൊഴിച്ചു കണിക്കൊന്ന പൂത്തിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കണിക്കൊന്നകള്‍ പലയിടത്തും ജനുവരിയിലേ പൂത്തുനിൽക്കാറുണ്ട്. കഴിഞ്ഞ മൂന്നാഴ്ചയിലേറെയായി തെരഞ്ഞെടുപ്പ് ചൂടിലായിരുന്ന നാടും നഗരവും വോട്ടെടുപ്പിനു ശേഷമാണ് വിഷു ആഘോഷങ്ങളുടെ ഒരുക്കങ്ങളിലേക്കു ശ്രദ്ധ ചെലുത്തിയത്. വഴിയോര വിപണിയും സജീവമായി. നാട്ടിലെ വലിയ വ്യാപാര സ്ഥാപനങ്ങളിലും കാര്യമായ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
വിഷുവിനു കണി കാണാനുള്ള കണിക്കൊന്ന മുതല്‍ ചെറിയ ചക്കയും മാങ്ങയും വെള്ളരിയുമൊക്കെ അടങ്ങിയ കിറ്റുകളുടെ വില്‍പ്പനവരെ ഗ്രാമീണ മേഖലകളിലെ പാതയോരങ്ങളില്‍ ആരംഭിച്ചു. നൂറുരൂപ മുതലുള്ള കിറ്റുകള്‍ ലഭ്യമാണ്. ഓട്ടുരുളിയില്‍ ഈ വിഭവങ്ങളെല്ലാം നന്നായി ഒരുക്കി ഒരു തരി പൊന്നും മഞ്ഞക്കോടിയും വാല്ക്കണ്ണാടിയുംകൂടി ചേര്‍ത്ത് ഇന്നു രാത്രിയോടെ തന്നെ ഉണ്ണിക്കണ്ണന്റെ ശില്‍പ്പത്തിനു മുന്നില്‍ വയ്ക്കും. നാളെ പുലര്‍ച്ചെ നിലവിളക്കില്‍ തിരിതെളിച്ച് വീട്ടിലെ ഇളമുറക്കാരെ വിളിച്ചുണര്‍ത്തി കണി കാണിക്കുന്പോള്‍ ഇന്നും ഇനിയുള്ള ഒരു വര്ഷമാകെയും നന്മകള് മാത്രമാകും എന്നത് വിശ്വാസം. മുതിര്‍ന്നവര്‍ ഇളയവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം കൈനീട്ടം നല്‍കും.
ഗൃഹാതുരത്വത്തിന്റെ ഹൃദയനിമിഷങ്ങളാല് സന്പന്നമായ വിഷു വിളവെടുപ്പ് ഉത്സവം കൂടിയാണ്. കൃഷിയൊക്കെ ഗണ്യമായി കുറഞ്ഞു വരുന്ന ഇക്കാലത്ത് വിഷു മുതലായ ആഘോഷങ്ങള്‍ പേരിനു മാത്രമായി തീര്‍ന്നുവെന്ന് മുതിര്‍ന്ന തലമുറ നിറകണ്ണുകളോടെ പറയുന്നു.