ചെന്ത്രാപ്പിന്നി/തൃപ്രയാർ: എടമുട്ടം പാലപ്പെട്ടിയിൽ ദേശീയപാത 66നു സമീപം പ്രവർത്തിക്കുന്ന ഏരിയൻ ടൂൾസ് ആൻഡ് കോംപോണന്റ്സിൽ തീപിടിത്തം. ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ രാത്രി പതിനൊന്നരയോടെയാണു സംഭവം. ചെറുതും വലുതുമായ നാൽപതോളം മെഷീനുകളും അനുബന്ധ ഉപകരണങ്ങളും കത്തിനശിച്ചു. കെട്ടിടത്തിനും നാശനഷ്ടമുണ്ടായി.
ഗുരുവായൂർ, നാട്ടിക, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിൽനിന്ന് നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി മണിക്കൂറുകൾ പ്രയത്നിച്ചാണു തീ കെടുത്തിയത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം. നാട്ടുകാരാണ് ആദ്യം തീ ഉയർന്നത് കണ്ടത്.
മെറ്റീരിയൽ ഹാൻഡ്ലിംഗ് വ്യവസായ മേഖലയ്ക്ക് ആവശ്യമായ എൻജിനീയറിംഗ് പിന്തുണയും യന്ത്രസാമഗ്രികളും ഘടകങ്ങളും നിർമ്മിക്കുന്ന സ്ഥാപനമാണ് ഏരിയൻ ടൂൾസ് ആൻഡ് കോംപോണന്റ്സ്. നൂറോളം തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. വലപ്പാട് പൊലിസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.