ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ (ഇവിഎം) വോട്ടുകൾ പോളിംഗ് ബൂത്തുകൾ തിരിച്ച് എണ്ണുന്നതിനു പകരം ഒരുമിച്ച് എണ്ണുന്നതിന് ടോട്ടലൈസർ സംവിധാനം ഉപയോഗിക്കുന്നതു സംബന്ധിച്ച് കേന്ദ്രസർക്കാരിന്റെ നിലപാട് തേടി സുപ്രീംകോടതി. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാർ ഉപാധ്യായ നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റീസ് സൂര്യകാന്ത അധ്യക്ഷനായ ബെഞ്ച് കേന്ദ്രസർക്കാരിന്റെ പ്രതികരണം തേടിയത്.
ബൂത്ത് തിരിച്ചുള്ള വോട്ടിംഗ് വിവരങ്ങൾ പുറത്തുവിടാതെ ഒന്നിലധികം ഇവിഎമ്മുകൾ ഒരുമിച്ച് എണ്ണി ക്രോഡീകരിക്കാൻ രൂപകല്പന ചെയ്തിട്ടുള്ളവയാണ് ടോട്ടലൈസറുകൾ. നിലവിൽ ഓരോ പോളിംഗ് ബൂത്തിലെയും ഇവിഎമ്മുകളിലെ വോട്ടുകൾ വെവ്വേറെയാണ് എണ്ണുന്നത്.
ഇതിലൂടെ ഒരു നിർദിഷ്ട പ്രദേശത്തെ ആളുകൾ ഏതു പാർട്ടിക്ക് വോട്ട് ചെയ്തുവെന്ന് വളരെ എളുപ്പത്തിൽ മനസിലാക്കാൻ സാധിക്കും. എന്നാൽ, ഒരു കൂട്ടം ഇവിഎമ്മുകളെ ഒന്നിച്ച് ഒരു ടോട്ടലൈസർ മെഷീനിലേക്ക് ബന്ധിപ്പിച്ച് വോട്ട് എണ്ണുമ്പോൾ, ആ പ്രദേശത്തിന്റെ ആകെ വോട്ട് വിഹിതം മാത്രമേ അറിയാൻ കഴിയൂ. ഇതിലൂടെ വോട്ടർമാർ ഏതു പാർട്ടിക്ക് വോട്ട് ചെയ്തുവെന്ന സ്വകാര്യത സംരക്ഷിക്കപ്പെടുകയും വോട്ടെടുപ്പിനുശേഷമുള്ള അക്രമങ്ങൾ ഇല്ലാതാകുകയും ചെയ്യും. ഇതു ചൂണ്ടിക്കാട്ടിയാണ് ഹർജി.
സുപ്രീംകോടതിക്കു മുന്നിലെത്തിയത്.എന്നാൽ, ഇവിഎമ്മുകളെക്കുറിച്ചുതന്നെ ജനങ്ങൾക്കിടയിൽ നിരന്തരം സംശയങ്ങളും ചോദ്യങ്ങളും ഉയരുന്നതിനിടെ ടോട്ടലൈസറുകൾ കൊണ്ടുവരുന്നത് കൂടുതൽ എതിർപ്പുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പുകമ്മീഷൻ നിർദേശത്തെ എതിർത്തു.