ഋഷികേശിലെ ഗംഗാതീരത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്ത പോലീസുകാരോട് തട്ടിക്കയറുന്ന വിനോദസഞ്ചാരിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
ഹരിയാനയിൽ നിന്നുമെത്തിയ യുവതിയാണ് പുണ്യനദിയുടെ തീരത്തിരുന്ന് മദ്യപിച്ചത് തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരോട് വാക്കുതർക്കത്തിലേർപ്പെട്ടത്.
തങ്ങളെപ്പോലുള്ള സഞ്ചാരികൾ എത്തുന്നതുകൊണ്ടാണ് പ്രദേശവാസികൾക്ക് ഉപജീവനമാർഗമുണ്ടാകുന്നതെന്നും എന്നിട്ടും തങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നുമായിരുന്നു യുവതിയുടെ ആരോപണം.
എന്നാൽ ഋഷികേശ് ഒരു പുണ്യസ്ഥലമാണെന്നും ഗംഗയുടെ തീരത്ത് മദ്യപാനം കർശനമായി നിരോധിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കിയതോടെ തർക്കം രൂക്ഷമായി. ഒടുവിൽ യുവതിയുടെ ഭർത്താവ് ഇടപെട്ട് അവരെ അനുനയിപ്പിച്ച് സ്ഥലത്തുനിന്നും മാറ്റുകയായിരുന്നു.
'ലോകത്തിന്‍റെ യോഗാ തലസ്ഥാനം' എന്നറിയപ്പെടുന്ന ഋഷികേശിലെ പവിത്രത കാത്തുസൂക്ഷിക്കുന്നതിനായി മദ്യത്തിനും സസ്യേതര ഭക്ഷണത്തിനും മേഖലയിൽ കടുത്ത നിയന്ത്രണങ്ങളുണ്ട്. ഈ സംഭവത്തിന്‍റെ വീഡിയോ എക്സ് പ്ലാറ്റ്‌ഫോമിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്.
വിനോദസഞ്ചാരികളുടെ ഇത്തരം മനോഭാവം സാംസ്കാരിക മൂല്യങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, ടൂറിസ്റ്റുകളെ അനാവശ്യമായി നിയന്ത്രിക്കരുതെന്ന അഭിപ്രായവും ചിലർ പങ്കുവെക്കുന്നുണ്ട്.
വിനോദസഞ്ചാരവും പ്രാദേശികമായ ആചാരമര്യാദകളും തമ്മിലുള്ള വൈരുദ്ധ്യങ്ങളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് ഈ വീഡിയോ ഇപ്പോൾ വഴിയൊരുക്കിയിരിക്കുന്നത്.