ലുധിയാന: പഞ്ചാബിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി വിദ്യാർഥിനിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ ജലന്ധറിലുണ്ടായ അപകടത്തിൽ കോട്ടയം കടുത്തുരുത്തി സ്വദേശിനി ജോസ്ന ജോർജ് (22) ആണ് മരിച്ചത്. പഞ്ചാബ് ലവ്ലി സർവകലാശാലയിലെ രണ്ടാം വർഷ എംബിഎ വിദ്യാർഥിനിയായിരുന്നു ജോസ്ന.
വിനോദയാത്രയ്ക്കായി പോയ സംഘം സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ജോസ്ന ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. അപകടത്തിൽപ്പെട്ട ബസിൽനിന്ന് പുറത്തേക്ക് തെറിച്ച് വീണ ജോസ്ന ഉൾപ്പെടെയുള്ളവരുടെ മുകളിലേക്ക് ബസ് മറിയുകയായിരുന്നു.
റിട്ട. പോലീസുകാരനായ ജോർജിന്റെയും സ്വപ്നയുടെയും മകളാണ് ജോസ്ന. സംഭവമറിഞ്ഞ് ബന്ധുക്കൾ പഞ്ചാബിലേക്ക് തിരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. അപകടവുമായി ബന്ധപ്പെട്ട് പൊലിസ് അന്വേഷണം ആരംഭിച്ചു.