കൊല്ലം: കൊട്ടിയത്ത് പ്രവർത്തിക്കുന്ന ഓക്സിലിയം ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ പരിസരത്ത് സ്ഥിതി ചെയ്യുന്ന അനന്തപുരി ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ടാർ മിക്സിംഗ് പ്ലാന്റിൽനിന്നുള്ള പുകയും വിഷാംശമുള്ള വാതകങ്ങളും മൂലം അധ്യാപകർക്കും സ്കൂളിലെ വിദ്യാർഥികൾക്കും സമീപവാസികൾക്കും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നു. ഈ വിഷയത്തിൽ അടിയന്തരമായി അന്വേഷണം നടത്തി ആവശ്യമായ നിയമനടപടികൾ സ്വീകരിക്കണമെന്നും സ്കൂൾ മാനേജ്മെന്റ് ആവശ്യപ്പെട്ടു.
സ്കൂളിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് 200 അടിയിൽ താഴെ മാത്രം അകലത്തിൽ സ്ഥിതി ചെയ്യുന്ന പുകക്കുഴൽ അനന്തപുരി ട്രേഡേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിന്റേതാണ്. ഈ സ്ഥാപനത്തിൽ റോഡ് നിർമാണവുമായി ബന്ധപ്പെട്ട ടാർ മിക്സിംഗ് / ഹോട്ട് മിക്സ് അസ്ഫാൽറ്റ് ഉത്പാദന പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് ബിറ്റുമിനസ് മക്കാഡം ബിറ്റുമിനസ് കോൺക്രീറ്റ് എന്നിവയുടെ നിർമാണത്തിനായി ബിറ്റുമിനും മറ്റ് അസംസ്കൃത വസ്തുക്കളും ഉയർന്ന താപനിലയിൽ ചൂടാക്കി മിശ്രണം ചെയ്യുന്ന പ്രക്രിയകൾ നടത്തിവരുന്നു.
ഈ പ്രവർത്തനങ്ങളുടെ ഭാഗമായി ബിറ്റുമിൻ ചൂടാക്കുമ്പോഴും അസംസ്കൃത വസ്തുക്കൾ ഉണക്കുകയും മിശ്രണം ചെയ്യുകയും ചെയ്യുമ്പോഴും പുകയും വിവിധ രാസവാതകങ്ങളും സൂക്ഷ്മകണികകളും അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്നു. ഇതാണ് പാരിസ്ഥിതിക പ്രശ്നത്തിനു കാരണമാകുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
ഇത്തരം മലിനീകരണ ഘടകങ്ങൾ അന്തരീക്ഷത്തിൽ കലരുകയും കാറ്റിലൂടെ സമീപപ്രദേശങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുമ്പോൾ കുട്ടികൾ, പ്രായമായവർ, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുള്ളവർ എന്നിവരാണ് കൂടുതൽ അപകടസാധ്യത നേരിടുന്നതെന്നും പ്രത്യേകിച്ച് വളർച്ചയുടെ ഘട്ടത്തിലുള്ള ചെറിയ കുട്ടികളുടെ ശ്വാസകോശവും പ്രതിരോധ സംവിധാനവും ഇത്തരം മലിനീകരണങ്ങളോട് കൂടുതൽ സംവേദനക്ഷമമാണെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
അതിനാൽ സ്കൂൾ പോലുള്ള കുട്ടികൾ നിരന്തരം ഒത്തുചേരുന്ന സ്ഥാപനത്തിന് തൊട്ടടുത്ത് ഇത്തരമൊരു മലിനീകരണ ഉറവിടം പ്രവർത്തിക്കുന്നത് അതീവ അപകടകരമാണെന്നും അതിനാൽ, നിലവിലുള്ള സ്ഥലത്ത് ടാർ മിക്സിംഗ് പ്ലാന്റിന്റെ പ്രവർത്തനം തുടരാൻ അനുവദിക്കാതെ, പ്രസ്തുത പ്ലാന്റ് മറ്റൊരു അനുയോജ്യമായ സ്ഥലത്തേക്ക് സ്ഥിരമായി മാറ്റിസ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നതാണ് സ്കൂൾ മാനേജ്മെന്റിന്റെയും ഈ പ്രദേശത്തെ ജനങ്ങളുടെയും പ്രധാന ആവശ്യമെന്നും സ്കൂൾ അധികൃതർ പത്രസമ്മേളനത്തിൽ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ സ്കൂൾ മാനേജർ സിസ്റ്റർ ഷിജി കുര്യൻ, അധ്യാപകരായ ജാക്സൺ ജോൺ ഫ്രാങ്കിളിൻ, ടി.ജെ. ദീപകുമാർ, രക്ഷിതാക്കളുടെ പ്രതിനിധിയായ അജയ് ചാക്കോ, ചൂരൽ പൊയ്ക പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി വൈ. ഗോസൻ, ഫാ.റോമൻസ് ആന്റണി എന്നിവർ പങ്കെടുത്തു.