കാഞ്ഞങ്ങാട്: വ്യാപാരിസമൂഹവും പൊതുജനങ്ങളും ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യങ്ങളോട് നഗരസഭാധികൃതർ കാണിക്കുന്ന കടുത്ത അവഗണനയ്ക്കും അനാസ്ഥയ്ക്കുമെതിരേ ജൂലൈ ഏഴിന് വ്യാപാരികൾ നഗരസഭ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തുമെന്നും അന്ന് ഉച്ചയ്ക്ക് 12 വരെ നഗരത്തിലെ കടകൾ അടച്ചിടുമെന്നും വ്യാപാരി നേതാക്കൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. അഹമ്മദ് ഷെരീഫ് മാർച്ച് ഉദ്ഘാടനം ചെയ്യും. അശാസ്തീയമായ ട്രാഫിക് സംവിധാനം മൂലം വ്യാപാരികളും കടകളിലെത്തുന്ന ഉപഭോക്താക്കളും അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കുക, സ്വകാര്യവാഹനങ്ങളിൽ എത്തുന്ന ഉപഭോക്താക്കൾക്ക് പാർക്കിംഗ് സൗകര്യം ലഭ്യമാക്കുക, വഴിയോരക്കച്ചവടക്കാരെയും അനധികൃത സ്റ്റാളുകളെയും നിയന്ത്രിക്കുക, പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരിൽ കച്ചവടക്കാരെ ദ്രോഹിക്കുന്ന ഉദ്യോഗസ്ഥ സമീപനം നിർത്തുക, ഓവുചാലുകൾ ശുചീകരിക്കാത്തതുമൂലം നഗരത്തിൽ അങ്ങിങ്ങായി വെളളക്കെട്ട് രൂപപ്പെടുന്ന സാഹചര്യം ഒഴിവാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.
ഈ പ്രശ്നങ്ങൾ മൂലം അടുത്തകാലത്തുമാത്രം നഗരത്തിൽ 40 ലധികം വ്യാപാര സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയതെന്ന് നേതാക്കൾ പറഞ്ഞു. കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ കാഞ്ഞങ്ങാട് മേഖല കമ്മിറ്റി ധർണയ്ക്ക് പൂർണ പിന്തുണ ഉറപ്പുനൽകിയിട്ടുണ്ട്. പത്രസമ്മേളനത്തിൽ കാഞ്ഞങ്ങാട് മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ആസിഫ്, ജനറൽ സെക്രട്ടറി പി. മഹേഷ്, ആസിഫ് മെട്രോ, കുമാരൻ ഐശ്വര്യ, സമീർ ഡിസൈൻ, ഷെരീഫ് ഫ്രെയിം, ഷറഫുദ്ദീൻ തോഫ, ഷെരീഖ് കമ്മാടം എന്നിവർ പങ്കെടുത്തു.