കുമ്പഴ: നിരന്തരമായ വാഹനാപകടങ്ങള്‍ക്കും ഗതാഗതക്കുരുക്കിനും പരിഹാരമെന്ന ലക്ഷ്യത്തോടെ കുമ്പഴ ജംഗ്ഷനില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ ലൈറ്റ് പ്രവര്‍ത്തനക്ഷമമായി. സിഗ്നല്‍ ലൈറ്റിന്റെ സ്വിച്ച്ഓണ്‍ കര്‍മം അബിന്‍ വര്‍ക്കി എംഎല്‍എ നിര്‍വഹിച്ചു. പത്തനംതിട്ട നഗരസഭാ ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ അധ്യക്ഷത വഹിച്ചു.
കുമ്പഴ ജംഗ്ഷനിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ വര്‍ധിച്ച തിരക്കും വിവിധ ദിശകളില്‍നിന്നുള്ള വാഹനങ്ങളുടെ നിയന്ത്രണമില്ലാത്ത പ്രവേശനവും നിരവധി അപകടങ്ങള്‍ക്ക് കാരണമായിരുന്നു. പ്രത്യേകിച്ച് ശബരിമല തീര്‍ഥാടനകാലത്തും തിരക്കേറിയ സമയങ്ങളിലും ജംഗ്ഷനിലെ ഗതാഗത നിയന്ത്രണം വലിയ വെല്ലുവിളിയായി മാറിയിരുന്നു. ഈ സാഹചര്യത്തില്‍ ട്രാഫിക് സിഗ്നല്‍ ലൈറ്റ് സ്ഥാപിക്കണമെന്ന ജനങ്ങളുടെ ദീര്‍ഘകാല ആവശ്യത്തിന് പരിഹാരം കാണുന്നതിനായി എംഎല്‍എ നടത്തിയ ഇടപെടലുകളാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
നഗരസഭാ കൗണ്‍സിലര്‍മാരായ കെ.ആര്. അരവിന്ദാക്ഷന് നായര്‍, അംബിക വേണു, നെജിം രാജന്, ജോയമ്മ സൈമണ്‍, ബിബിന്‍ ബേബി, എഡിഎം രാജലക്ഷ്മി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് റോജി പോള്‍ ഡാനിയേല്‍, ആര്‍ടിഒ സി. ശ്യാം, സാമുവല്‍ കിഴക്കുപുറം, കെ. ജാസിംകുട്ടി, ദീപു ഉമ്മന്‍, എംവിഐ രാംകുമാര്‍, അജികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പിഡബ്ല്യുഡി, ട്രാഫിക് പൊലിസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.