അടിയന്തര വാഹനങ്ങൾക്ക് വഴിമാറി നൽകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും റോഡിലെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റങ്ങളെക്കുറിച്ചുമുള്ള ചർച്ചകൾക്ക് വീണ്ടും വഴിവെച്ചിരിക്കുകയാണ് രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള ഒരു വിഡിയോ.
വഴിയിൽ വാഹനം തടസപ്പെടുത്തിയിട്ടതിനെ തുടർന്ന് ആംബുലൻസ് കുടുങ്ങിക്കിടക്കുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ജയ്പൂരിലെ പഞ്ച്യാവാല പ്രദേശത്തുള്ള പെട്രോൾ പമ്പിന് സമീപമാണ് സംഭവം നടന്നതെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മറ്റൊരു യാത്രക്കാരനുമായി തർക്കത്തിലേർപ്പെട്ട സ്ത്രീ തന്റെ വാഹനം റോഡിന് നടുവിൽ നിർത്തിയിടുകയും ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുവാൻ തുടങ്ങുകയുമായിരുന്നു.
ഈ സമയമത്രയും പുറകിൽ കിടന്ന ആംബുലൻസ് തുടർച്ചയായി സൈറൺ മുഴക്കുന്നുണ്ടായിരുന്നെങ്കിലും വാഹനം മാറ്റാൻ ഇവർ തയ്യാറായില്ലെന്നാണ് ആരോപണം.
ഇൻസ്റ്റാഗ്രാം വഴി പുറത്തുവന്ന ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ പതിനായിരക്കണക്കിന് ആളുകളാണ് കണ്ടത്. ഗതാഗതം തടസപ്പെടുത്തിയ വ്യക്തിക്കെതിരെ കടുത്ത രീതിയിലുള്ള നിയമനടപടികൾ സ്വീകരിക്കണമെന്ന് ഭൂരിഭാഗം പേരും ആവശ്യപ്പെട്ടു.
ലൈസൻസ് റദ്ദാക്കുകയും കനത്ത പിഴയടക്കം ചുമത്തുകയും ചെയ്യണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം. കൂടാതെ, ഇത് വെറുതെ കണ്ടുനിന്നവർ വാഹനം മാറ്റിപ്പാർക്ക് ചെയ്യാൻ ഇടപെടാതിരുന്നതിനെയും ചിലർ വിമർശിക്കുന്നുണ്ട്.
മോട്ടോർ വാഹന നിയമത്തിലെ 194ഇ വകുപ്പ് പ്രകാരം ആംബുലൻസ്, ഫയർഫോഴ്സ് തുടങ്ങിയ അടിയന്തര സർവീസ് വാഹനങ്ങൾക്ക് വഴിമാറിക്കൊടുക്കാതിരിക്കുന്നത് 5000 രൂപ വരെ പിഴയോ ആറുമാസം വരെ തടവോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്.
സംഭവത്തിൽ അധികൃതരുടെ ഭാഗത്തുനിന്നും ഔദ്യോഗികമായ അന്വേഷണമോ കേസ് രജിസ്റ്റർ ചെയ്ത വിവരങ്ങളോ ഇതുവരെ ലഭ്യമായിട്ടില്ല. എങ്കിലും, അടിയന്തര സാഹചര്യങ്ങളിൽ ജീവൻ രക്ഷാ വാഹനങ്ങൾക്ക് മുൻഗണന നൽകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വലിയൊരു മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.