സീൽദാ-ഡാങ്കുനി റെയിൽവേ പാതയിൽ ഓവർഹെഡ് വൈദ്യുത ലൈൻ പൊട്ടി വീണതിനെ തുടർന്ന് ബുധനാഴ്ച രാത്രി ട്രെയിൻ ഗതാഗതം പൂർണമായി തടസപ്പെട്ടു. ദക്ഷിണേശ്വർ റെയിൽവേ സ്റ്റേഷന് സമീപം രാത്രി 8:50-ഓടെയാണ് സംഭവം.
ഡാങ്കുനിയിൽ നിന്ന് സീൽദായിലേക്ക് വരികയായിരുന്ന ലോക്കൽ ട്രെയിൻ കടന്നുപോകുന്നതിനിടെ ഇലക്ട്രിക് വയറിന് തകരാർ സംഭവിക്കുകയും ട്രെയിൻ ട്രാക്കിൽ നിലയ്ക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് സുരക്ഷ മുൻനിർത്തി അപ്പ്, ഡൗൺ ലൈനുകളിലെ സർവീസുകൾ റെയിൽവേ ഉടനടി നിർത്തിവെച്ചു.
സംഭവത്തെ തുടർന്ന് റെയിൽവേ എഞ്ചിനീയർമാരുടെ നേതൃത്വത്തിൽ ടവർ വാഗൺ ഉപയോഗിച്ച് അടിയന്തര അറ്റകുറ്റപ്പണികൾ ആരംഭിച്ചു. വൈദ്യുതബന്ധം പുനഃസ്ഥാപിച്ച് ട്രാക്കുകൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നത് വരെ സർവീസുകൾ തടസപ്പെടുമെന്ന് അധികൃതർ വ്യക്തമാക്കി.
ട്രാക്കിൽ തകരാറിലായ ട്രെയിൻ കിടന്നത് ഈ റൂട്ടിലെ ഗതാഗത തടസം ഇരട്ടിയാക്കി. കൊൽക്കത്തയിലെ ഏറ്റവും തിരക്കേറിയ പാതകളിലൊന്നായതിനാൽ വൈകുന്നേരത്തെ യാത്രക്കാരായ ജീവനക്കാരും വിദ്യാർഥികളും മണിക്കൂറുകളോളം സ്റ്റേഷനുകളിൽ കുടുങ്ങിപ്പോയി. തുടർന്ന് ബദൽ യാത്രാമാർഗങ്ങൾ തേടാൻ പലരും നിർബന്ധിതരായി.
ഈ അപകടത്തിന്റെ ആഘാതം സീൽദാ മെയിൻ ലൈനിലെയും ബംഗാവ് ലൈനിലെയും സർവീസുകളെയും ബാധിച്ചതോടെ മറ്റ് പ്രദേശങ്ങളിലെ ട്രെയിനുകളും വൈകിയോടുകയും പ്ലാറ്റ്ഫോമുകളിൽ വൻ ജനത്തിരക്ക് അനുഭവപ്പെടുകയും ചെയ്തു.