പെരുവന്താനം: ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും, ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സും, പെരുവന്താനം സെന്റ് ആന്റണീസ് കോളജും സംയുക്തമായി 7 ദിവസം നീണ്ടു നിൽക്കുന്ന 'യുവ ആപ്ത് മിത്ര' എന്ന പേരിൽ പ്രകൃതി ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
കോളജിലെ തെരഞ്ഞെടുക്കപ്പെട്ട 100 പേർക്കാണ് പരിശീലനം ലഭ്യമാക്കുന്നത്. പ്രകൃതി ദുരന്തങ്ങൾ ഏറെ അഭിമുഖീകരിച്ചിട്ടുള്ള ഇടുക്കി ജില്ലയിൽ ഭാവിയിലേക്കുള്ള ഒരു കരുതൽ എന്ന രീതിയിലാണ് യുവജനങ്ങൾക്ക് പരിശീലനം നൽകുന്നത്.
ജൂലൈ 24ന് രാവിലെ 10ന് കട്ടപ്പന ഡിഇഒ ആൻസൺ ജോസഫ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ സിറിയക് തോമസ് എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ഉദ്ഘാടന സമ്മേളനത്തിൽ പ്രിൻസിപ്പൽ ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽ സുപർണ രാജു, കോർഡിനേറ്റർമാരായ നൈസ് ജോസ് , നാൻസി ഡിക്രൂസ് , മോനിഷ എം മോഹനൻ , ഹേമന്ത് വിജയൻ, റ്റിജോമോൻ ജേക്കബ് , ജോസ് ആന്റണി തുടങ്ങിയവരും സംസാരിക്കും.
തുടർന്ന് പങ്കെടുക്കുന്നവർക്ക് 7 ദിവസത്തേക്ക് പ്രകൃതി ദുരന്തങ്ങളിൽ ശാസ്ത്രീയവും പ്രായോഗികവുമായി ഇടപെടുന്നതിനും, ജീവൻ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനുമുള്ള തീവ്ര പരിശീലനം നൽകും.
എംജി സർവകലാശാല തലത്തിൽ ഇത്തരത്തിലുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്ന ആദ്യ കോളേജ് എന്ന ബഹുമതിക്ക് സെന്റ് ആന്റണീസ് കോളജ് അർഹമായെന്നും, സുരക്ഷിതമായ ജീവിതത്തിന് ഭാവി തലമുറയെ സജ്ജമാക്കുന്നതിനു വേണ്ടിയുള്ള സാമൂഹിക പ്രതിബദ്ധതയിലൂന്നിയ പ്രോഗ്രാമാണിതെന്നും പ്രിൻസിപ്പൽ ഡോ ആന്റണി ജോസഫ് കല്ലമ്പള്ളി, വൈസ് പ്രിൻസിപ്പൽ സുപർണ രാജു, കോർഡിനേറ്റർമാരായ നൈസ് ജോസ് , നാൻസി ഡിക്രൂസ് , മോനിഷ എം മോഹനൻ , ഹേമന്ത് വിജയൻ, റ്റി.ജോമോൻ ജേക്കബ് , ജോസ് ആന്റണി എന്നിവർ വ്യക്തമാക്കി.