സുപ്രധാനമായ രണ്ടു ബില്ലുകളിലൂടെ നിയമസഭ ചരിത്രമുഹൂർത്തത്തിനു തുടക്കം കുറിച്ചിരിക്കുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. മുഖ്യമന്ത്രിയുടെ സ്വപ്നപദ്ധതിയായ മിഷൻസമുദ്രയിലൂടെ വികസനകുതിപ്പാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.
സംസ്ഥാനത്തിന്റെ തീരദേശ വികസനവും തുറമുഖങ്ങളിലെ സാധ്യതകളും പ്രയോജനപ്പെടുത്തുന്നതിനുള്ള ‘മിഷൻ സമുദ്ര’ പദ്ധതിക്ക് വേഗത കൂട്ടാനാണ് ബിൽ കൊണ്ടുവന്നത്. പ്രതിപക്ഷത്തിന്റെ ഇറങ്ങിപോക്കും എതിർപ്പുകളും മുഖ്യമന്ത്രി വി.ഡി.സതീശന്റെ നേതൃത്വത്തിൽ തോല്പിച്ചാണ് സുപ്രധാനബിൽ പാസാക്കിയത്. കടൽകൊള്ള എന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.
എന്നാൽ വിഴിഞ്ഞം പദ്ധതി വന്നപ്പോൾ ആറായിരംകോടിയുടെ കൊള്ള പറഞ്ഞവരാണ് ഇപ്പോൾ ഇതിനെയും എതിർക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതുപോലെ കേരള മോട്ടോർ വാഹനനികുതി ചുമത്തൽ ബില്ലും പാസാക്കിയപ്പോൾ അപകടകരമല്ലാത്ത മോഡിഫിക്കേഷൻ നടത്താം എന്നതാണ് പ്രഖ്യാപനമായി വന്നത്.
പതിവുപോലെ പ്രതിപക്ഷത്തിന്റെ ചട്ടുള്ളിയായി അടിയന്തരപ്രമേയം കൊണ്ടുവന്നതെങ്കിലും മറുഭാഗത്ത് ഒറ്റയാനായി വി.ഡി.സതീശൻ എന്ന മുഖ്യമന്ത്രി ഉള്ളതാണ് പ്രതിപക്ഷത്തിന്റെ പരാജയമെന്നു വ്യക്തമായി. കുറിക്കുകൊള്ളുന്ന ഉത്തരങ്ങളും മറുചോദ്യങ്ങളും ഉയർത്തിയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗമായിരുന്നു പ്രതിപക്ഷത്തിന് തിരിച്ചടിക്കുകാരണമായത്. അടിയന്തരപ്രമേയം അവതരിപ്പിച്ച കെ.എൻ.ബാലഗോപാൽ കിഫ്ബിപ്രവർത്തനം സ്തംഭിപ്പിച്ചു, പദ്ധതിയെ ഭരണപക്ഷം തകർക്കാൻ ശ്രമിക്കുന്നുവെന്നാരോപിച്ചാണ് വിഷയം അവതരിപ്പിച്ചത്.
കിഫ്ബി വന്നതിന്റെ നേട്ടങ്ങൾഅദ്ദേഹം പറയുന്പോൾ മാറ്റത്തെക്കുറിച്ചാണ് സൂചന നൽകിയത്. പത്ത് വർഷം മുന്പ് വന്ന പോയവർ തിരിച്ചു കേരളത്തിൽ വന്നാൽആദ്യം ചോദിക്കുന്നത് ഇങ്ങനെയും മാറ്റം ഉണ്ടാകുമോ എന്നാണ്.
മലയോരമേഖലയിൽ നിന്നും എട്ടുമണിക്കൂറെടുത്തു നിയമസഭയിൽ വന്നിരുന്നവർ വെറും അഞ്ചുമണിക്കൂറുകൊണ്ടെത്തുന്നു. എന്തൊരു മാറ്റമാണ് ഈ നാട്ടിൽ സംഭവിച്ചത്. ഇതിനെ നശിപ്പിക്കാൻ പിന്നിൽനിന്നും കുത്താൻ ചതിയൻ ചന്തുമാർ രംഗത്തുണ്ടെന്നു ഭരണപക്ഷബഞ്ചിലേക്കുനോക്കിയാണ് ബാലഗോപാൽ പറഞ്ഞത്. ഭസ്മാസുരന് വരം കൊടുത്തതുപോലെയാണ് ഭരണപക്ഷത്തെ ചിലർ രംഗത്തുവന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞതു ഭരണപക്ഷത്തെ മാത്രം നോക്കിയാണ്.
മുഖ്യമന്ത്രിയുടെ മറുപടി ആരംഭിച്ചപ്പോഴേ പ്രതിപക്ഷബഞ്ചിൽനിന്നും ബഹളം ആരംഭിച്ചെങ്കിലും കേൾക്കുന്പോൾ വിഷമം വരുമെങ്കിലും ചൊറിയരുതെന്നുമായിരുന്നു വി.ഡി.സതീശന്റെ കമന്റ്.
കിഫ്ബിയിലൂടെ വന്ന വിവേചനവും സർക്കാരിനു കടം വരുത്തിവച്ചതും ധനകാര്യവകുപ്പ് അറിയാതെ പിൻവാതിൽനിയമനം നടത്തിയതുൾപ്പെടെ ഒന്നിനുപുറകെ ഒന്നായി മുഖ്യമന്ത്രി പറഞ്ഞപ്പോൾ ഇറങ്ങി പോക്കിലാണ് അടിയന്തരപ്രമേയം എത്തിയത്.
സംസ്ഥാനത്തെ എല്ലാ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു എം.വിൻസന്റും കേരള ഏക കിടപ്പാട സംരക്ഷണ നിയമം നടപ്പിലാക്കുന്നതിനെകുറിച്ചു പി.പി.സുമോദും അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലും എത്രമാത്രം ശ്രദ്ധ ക്ഷണിച്ചുവെന്നതിൽ സംശയമുണ്ട്.
ഉല്ലാസ് കോവൂർ ഒരു കവിയല്ല, പക്ഷേ നാടൻ പാട്ടുകാരനാണ്. പൊതുവേദികളിൽ കവിതകൾ മനോഹരമായി അവതരിപ്പിക്കുന്നതിലൂടെ ശ്രദ്ധേയനായ വ്യക്തിയുമാണ്. അദ്ദേഹം അഷ്ടമുടികായലിനെകുറിച്ചു സബ്മിഷൻ അവതരിപ്പിച്ചപ്പോൾ കുരീപ്പുഴ ശ്രീകുമാറിന്റെ ഇഷ്ടമുടിക്കായൽ എന്ന കവിത പാടി നിയമസഭയുടെ ശ്രദ്ധ നേടി . മുടിയെട്ടും കോര്ത്ത് കെട്ടി, വിരല് നൂറാല് കാറ്റൊതുക്കി,
വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്, എന്റെ തുഴത്തണ്ടില് താളമിട്ട് തുടിക്കുന്നോള്...
സബ്മിഷന് അദ്ദേഹം ആഗ്രഹിച്ച ഉത്തരം കിട്ടിയോ എന്നറിയില്ലെങ്കിലും കവിതയിൽ സഭ പോലും ലയിച്ചിരുന്നു പോയി.