ചപ്പാരപ്പടവ്: തലവിൽ ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്ററിൽ (ജിഎസ്ആർടിസി) സംഘടിപ്പിക്കുന്ന ദ്വിദിന ശില്പശാലയായ "ട്രാൻസ്ഫോർമിംഗ് മൊബിലിറ്റി 2026'ന് തുടക്കമായി. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു.
ഗുഡ് സമരിറ്റൻ റീഹാബിലിറ്റേഷൻ ആൻഡ് ട്രെയിനിംഗ് സെന്റർ, ഐഐടി മദ്രാസിലെ നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജീസ്, ഗവ. മെഡിക്കൽ കോളജ് കണ്ണൂർ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (പിഎംആർ) വിഭാഗം എന്നിവയുടെ സഹകരണത്തോടെയാണ് ശില്പശാല സംഘടിപ്പിക്കുന്നത്.
ചടങ്ങിൽ വാർഡ് മെംബർ ജോജി ആനിത്തോട്ടം, കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പിഎംആർ വിഭാഗം മേധാവി ഡോ. സൂരജ്, ഡോ. ഹേമലത, ഫാ. ബിനു പൈമ്പിള്ളിൽ, ഫാ. അനന്തു വില്ലിടുംപാറ, മമ്മുക്ക കായക്കൂൽ, ജോസഫ് ഉഴുന്നുപാറ എന്നിവർ പ്രസംഗിച്ചു.
ഐഐടി മദ്രാസിലെ നാഷണൽ സെന്റർ ഫോർ അസിസ്റ്റീവ് ഹെൽത്ത് ടെക്നോളജീസിലെ ക്ലിനിക്കൽ ടീം ലീഡറും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുമായ ഗോകുൽ പ്രസാദ്, മണിപ്പാൽ കോളജ് ഓഫ് ഹെൽത്ത് പ്രഫഷൻസിലെ അസിസ്റ്റന്റ് പ്രഫസറും ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റുമായ കേശവറാം, പിയർ ട്രെയിനറും അഡാപ്റ്റീവ് സ്പോർട്സ് പ്രചാരകനുമായ ലക്ഷ്മണൻ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ഡോക്ടർമാർ, ആരോഗ്യ പരിപാലന വിദഗ്ധർ, പുനരധിവാസ പ്രവർത്തകർ, മെഡിക്കൽ വിദ്യാർഥികൾ, സാമൂഹിക പ്രവർത്തകർ എന്നിവർ ശില്പശാലയിൽ പങ്കെടുത്തു. ശില്പശാലയുടെ സമാപന സമ്മേളനം ഇന്ന് കേരള സംസ്ഥാന ഭിന്നശേഷി കമ്മീഷണർ പ്രഫ. ഡോ. പി.ടി. ബാബുരാജ് ഉദ്ഘാടനം ചെയ്യും. ക്യാമ്പിൽ ടി.കെ. ഗോവിന്ദൻ എംഎൽഎ സന്ദർശനം നടത്തി.