ന്യൂഡൽഹി: എഥനോൾ കലർത്തിയ ഇ20 പെട്രോളിന്റെ നിർബന്ധിത ഉപയോഗം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റ് നാലിന് പാർലമെന്റിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ച് ഡൽഹിയിലെ പ്രമുഖ ഗതാഗത സംഘടനകൾ.
ഡൽഹി ടാക്സി ആൻഡ് ടൂറിസ്റ്റ് ട്രാൻസ്പോർട്ടേഴ്സ് ആന്‍ഡ് ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകളാണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഉപഭോക്താക്കൾക്ക് മറ്റ് ഇന്ധന ഓപ്ഷനുകൾ നൽകാതെ ഇ20 മാത്രം നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെയാണ് ഈ പ്രതിഷേധമെന്ന് ഓൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ഹരീഷ് സഭർവാൾ വ്യക്തമാക്കി.
വാഹനങ്ങളുടെ എഞ്ചിൻ ആയുസിനെയും പ്രകടനത്തെയും ബാധിക്കുന്ന എഥനോൾ മിശ്രിത പെട്രോൾ പൂർണമായും പിൻവലിക്കുകയോ അല്ലെങ്കിൽ സാധാരണ പെട്രോൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുകയോ ചെയ്യണമെന്നാണ് ട്രാൻസ്പോർട്ട് യൂണിയനുകളുടെ പ്രധാന ആവശ്യം.