പ്രായത്തെ വെറും അക്കങ്ങളായി മാത്രം കണ്ട്, ജീവിതത്തെ അതിന്‍റേതായ ആവേശത്തോടെ നോക്കിക്കാണുന്ന രണ്ട് സഹോദരിമാരുടെ കാഴ്ചയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.
കേദാർനാഥിലേക്കുള്ള യാത്രയ്ക്കിടയിലാണ് ജിനി ജാല എന്ന യാത്രിക ഈ അത്ഭുത സഹോദരിമാരെ കണ്ടുമുട്ടുന്നത്. 70 വയസ് പിന്നിട്ടിട്ടും യാതൊരുവിധത്തിലുള്ള അവശതകളും തളർത്താത്ത അവരുടെ നിശ്ചയദാർഢ്യം കണ്ടപ്പോൾ ജിനിക്ക് അത്ഭുതം തോന്നി.
ഒട്ടും മടിയില്ലാതെ, പുതിയ അനുഭവങ്ങൾ തേടി യാത്ര ചെയ്യാനുള്ള ഇവരുടെ തീവ്രമായ ആഗ്രഹം ഏവരെയും പ്രചോദിപ്പിക്കുന്നത് കൂടിയാണ്. കഠിനമായ കിന്നർ കൈലാഷ് ട്രെക്കിംഗ് ഇതിനോടകം തന്നെ പൂർത്തിയാക്കിയ ഇവർ, ലോകം മുഴുവൻ ചുറ്റിക്കാണാനും പുതിയ മനുഷ്യരെ പരിചയപ്പെടാനുമുള്ള ആവേശത്തിലാണ്.
ജീവിതത്തിൽ എല്ലാത്തിനും ഒരു പ്രത്യേക സമയം കാത്തിരിക്കുന്നവർക്ക് മുന്നിൽ, ഉള്ള സമയത്തെ ഏറ്റവും മനോഹരമായി ജീവിക്കുക എന്ന പാഠമാണ് ഈ സഹോദരിമാർ കാണിച്ചുതരുന്നത്.
തങ്ങൾ പിന്നിട്ട വഴികളിലെ അനുഭവങ്ങളെക്കുറിച്ചും, യാത്രകളോടുള്ള തങ്ങളുടെ അടങ്ങാത്ത പ്രേമത്തെക്കുറിച്ചും വിഡിയോയിൽ അവർ പറയുന്നുണ്ട്.
പ്രായം കൂടുന്തോറും വീടിനുള്ളിൽ ഒതുങ്ങിക്കൂടാതെ, ലോകം കാണാൻ പുറത്തിറങ്ങിയ ഇവരുടെ മനക്കരുത്തിനെ അഭിനന്ദിച്ച് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ കമന്‍റുകളുമായി എത്തുന്നത്. പലർക്കും ഈ മുത്തശ്ശിമാർ ജീവിതത്തിലെ ഏറ്റവും വലിയ മാതൃകകളായി മാറിക്കഴിഞ്ഞു.