കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ മെത്രാഭിഷേക രജതജൂബിലി നാളെ
സ്വർഗത്തിൽ സമ്പാദ്യമൊരുക്കണമെന്നും അതു കള്ളന്മാർ മോഷ്ടിക്കുകയോ ചിതലരിക്കുകയോ ഇല്ലെന്നും പഠിപ്പിച്ച ഈശോമിശിഹായെ പിൻചെല്ലുന്ന വലിയ ഇടയന് മെത്രാഭിഷേകത്തിന്റെ രജതജൂബിലി നിറവ്. മലങ്കര കത്തോലിക്കാ സഭയുടെ അധ്യക്ഷൻ മേജർ ആർച്ച്ബിഷപ് കർദിനാള്‍ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നാളെ മെത്രാഭിഷേകത്തിന്റെ രജതജൂബിലിയിലെത്തും.
ആഗോള കത്തോലിക്കാ സഭയെ ധീരമായി നയിക്കുന്ന മാർ ലെയോ മാർപാപ്പയ്ക്കൊപ്പമുള്ള കർദിനാൾ എന്ന ഉന്നതപദവിയുടെ ദൗത്യം കാര്യക്ഷമമായി നിർവഹിക്കുന്നതിനൊപ്പം മലങ്കര കത്തോലിക്കാ സഭയുടെ വളർച്ചയും കെട്ടുറപ്പും ഭദ്രമാക്കാൻ അക്ഷീണം യത്നിക്കുന്ന മാർ ക്ലീമിസ് കാതോലിക്ക ബാവ എല്ലാ മനുഷ്യർക്കും പകർന്നു നൽകുന്നത് വലിയൊരു മാതൃകകൂടിയാണ്. തനിക്കു ലഭിച്ച കുടുംബസ്വത്ത് അദ്ദേഹം വിനിയോഗിച്ചതുതന്നെയാണ് ഈ മാതൃകയുടെ നേർസാക്ഷ്യവും. ഇതേക്കുറിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ:
“എനിക്ക് ഒത്തിരി സ്ഥലമൊന്നുമില്ല. അതുപോലും അടുത്ത നാളിലാണ് അറിഞ്ഞത്. എന്റെ പിതാവ് എനിക്ക് മാറ്റിവച്ചിരുന്ന കുടുംബസ്വത്ത് ജൂബിലി പ്രമാണിച്ചു ഭവനമില്ലാത്ത മൂന്നു വീട്ടുകാർക്കായി വിട്ടുനൽകി. അവിടെ മൂന്നു ഭവനങ്ങൾ ഉയർന്നു. അതിന്റെ താക്കോലുകൾ നാളെ ജൂബിലിദിനത്തിൽ കൈമാറും. ഇനി എന്റെ പേരിൽ ഈ ഭൂമിയിൽ സ്വത്തുകളോ ഭവനങ്ങളോ ഒന്നുമില്ല. രൂപതയുടെ സ്വത്തുകളെല്ലാം നടത്തിപ്പുകാരൻ എന്ന നിലയിൽ മാത്രമാണ്. ജീവിതത്തിൽ പുലർത്തിവരുന്ന നിഷ്ഠയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.”
ക്രൈസ്തവമൂല്യങ്ങള്‍ മുറുകെപ്പിടിക്കുകയും നിഷ്ഠയോടെ കാത്തുസൂക്ഷിക്കുകയും പ്രവൃത്തിയില്‍ കൊണ്ടുവരികയും ചെയ്യുന്നതിൽ വീഴ്ച വരുത്താൻ തയാറാകാത്ത ആത്മീയാചാര്യന്റെ ധീരമായ നിലപാട് അദ്ദേഹത്തിന്റെ ജീവിതത്തിൽ ദർശിക്കാൻ സാധിക്കും. മെത്രാഭിഷേകത്തിന്റെ രജതജൂബിലി വേളയിൽ അദ്ദേഹം ദീപികയോടു മനസു തുറന്നു.
ക്രൈസ്തവ മിഷനറിമാർ നേരിടുന്ന പ്രതിസന്ധികൾ എന്തെല്ലാമാണ്?
ക്രൈസ്തവ മിഷനറിമാർ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും മാത്രമല്ല ലോകത്തിന്റെ വിവിധ രാജ്യങ്ങളിലും മിഷനറിമാർ നേരിടുന്നത് അതിക്രൂരമായ നടപടികളാണ്. ദേവാലയത്തിൽ പ്രാർഥിച്ചുകൊണ്ടിരുന്ന ഭക്തന്റെ കഴുത്ത് അറത്തുമാറ്റുന്ന കിരാതമായ ചെയ്തികൾ ഉണ്ടാകുന്നു. ഇതിനെ ന്യായീകരിക്കാൻ പറ്റുമോ? നീ ഇനി സംസാരിക്കേണ്ട. നീ ഇനി പ്രാർഥിക്കേണ്ട. നീ പറഞ്ഞ നല്ല കാര്യമൊന്നും ഇനി ആരോടും പറയേണ്ട- ഇതാണ് മിഷനറി അനുഭവിക്കുന്ന പ്രതിസന്ധി. നിന്റെ മതത്തിന്റെ വലിപ്പം മറ്റൊരാളുടെ മതത്തിന്റെ ദൗർബല്യമായി അവതരിപ്പിക്കാൻ പാടില്ല. അങ്ങനെയൊരു സമീപനം വരുന്പോൾ നിന്റെ വിശ്വാസംതന്നെ സംശയാസ്പദമാകും. മതത്തിന്റെ പേരിൽ, മതബോധനത്തിന്റെ പേരിൽ വെറുപ്പ് ഉണ്ടാക്കുന്നതൊന്നും ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ല.
രാജ്യത്തും വിദേശത്തും ക്രിസ്ത്യൻ മിഷനറിമാർ വധഭീഷണി നേരിടുന്നു,സിബിസിഐയുടെ മുൻ അധ്യക്ഷൻ എന്ന നിലയിൽ അങ്ങയുടെ ഇടപെടലും നിലപാടും എപ്രകാരമാണ്?
യേശുകർത്താവ് തന്നെ പറഞ്ഞിട്ടുണ്ട്, പച്ചമരത്തോട് ഇപ്രകാരമാണ് ചെയ്യുന്നതെങ്കിൽ ഉണക്കമരത്തോട് എന്താകും എന്ന്. ഇതൊരു സൂചനയാണ്. ഭാരതത്തിലെ ക്രിസ്ത്യാനിക്ക് മാത്രമല്ല, ക്രിസ്തുവിനെ അനുഗമിക്കാൻ ആഗ്രഹിക്കുന്ന സകല മനുഷ്യരോടും പറഞ്ഞിരിക്കുന്നു- അപകടം എപ്പോഴും നിങ്ങളെ പിൻതുടരും. നിങ്ങളുടെ ജീവിതം ഗോതന്പുമണിയോ മെഴുകുതിരിയോ ആകണം. ഗോതന്പുമണി നിലത്തുവീണ് അഴുകിയാൽ മാത്രമേ ഫലം പുറപ്പെടുവിക്കുകയുള്ളൂ. മെഴുകുതിരി കത്തിയുരുകി പ്രകാശമായി മാറണം. നമ്മൾ അവസാനിക്കുകയല്ല, പുനർജനിക്കുകയാണ്.
മിഷനറി എന്നാൽ അയയ്ക്കപ്പെട്ടവൻ എന്നാണ് അർഥം. ആരോ അയച്ചിരിക്കുന്നു. അയച്ചത് ഒരു കാര്യം പറയാനാണ്. നീ ദൈവത്തിന്റെ മകനോ മകളോ ആണ്. നിന്നിൽ ഓടുന്നത് എന്റെ ശ്വാസമാണ്. അവിടത്തെ ജീവവായുവാണ് നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നത്. നീ എന്റേതാണ്. നിങ്ങൾ എന്റെ മക്കളാണ്. ഈ സുവിശേഷമാണ് കർത്താവ് നമുക്കു നൽകിയത്. എന്നിട്ടു പറഞ്ഞു , ലോകമെങ്ങും പോയി ഈ സദ്വാർത്ത അറിയിക്കണം. ഇതു പറയുന്പോൾ ഇത് ഇഷ്ടമില്ലാത്ത വ്യവസ്ഥിതികൾ, ദൈവത്തിനു നിരക്കാത്ത വ്യവസ്ഥിതികൾ ഇതിനെ എതിർക്കും. അടിമത്തം അവസാനിച്ചുവെന്നു പറഞ്ഞാലും അടിമകളെ നമുക്ക് ഇഷ്ടമാണ്. നമ്മൾ മാറ്റിപ്പറയുന്പോൾ ആ വ്യവസ്ഥിതിയുടെ സ്വാതന്ത്യത്തെ ഇഷ്ടപ്പെട്ട ആളുകൾ അതിനെ എതിർക്കും. ഗാന്ധിജി വെടിയേറ്റ് മരിച്ചത് ഇന്ത്യ സ്വതന്ത്രമാണെന്ന് എല്ലാ മനുഷ്യരെയും പഠിപ്പിച്ചതിന്റെ ഭാഗമാണ്.
മെത്രാഭിഷേക ജൂബിലി നിറവിൽ ചിന്തിക്കുന്പോൾ ജീവിതത്തിലെ ഏറ്റവും അനുഗൃഹീതമായ നാളുകൾ?
എല്ലാ ദിവസത്തിനും നമ്മുടെ ജീവിതവുമായി അടുത്ത ബന്ധവുമുണ്ട്. എന്നാൽ നമുക്ക് പ്രത്യേക നിയോഗം കിട്ടിയ ദിവസത്തെയാണ് നമ്മൾ മറ്റുള്ളവരുടെ മുന്നിൽ കാണിക്കുന്നത്. അതുപറയുന്പോഴും നമ്മുടെ മനസിൽ തിരിച്ചറിയേണ്ട കാര്യം, ഇതൊന്നും ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. ജീവിതം എന്നാണ് പൂർത്തീകരിച്ചതെന്നു ചോദിച്ചാൽ തുടങ്ങിയപ്പോൾ മുതൽ പൂർത്തികരിച്ചതാണ്. എന്റെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം അനുഗൃഹീതമാണ്. പുരോഹിതനായി, മെത്രാനായി, സഭയുടെ തലവനായി, കർദിനാളായി, മാർപാപ്പയെ കണ്ടു ഇതെല്ലാം നമ്മുടെ നാൾവഴികളിലെ ശുശ്രൂഷകളിലെ നിയോഗങ്ങൾ മാത്രമാണ്. ദൈവം നമ്മളെ ഭരമേൽപിച്ചിരിക്കുന്ന, രൂപപ്പെടുത്തിയിരിക്കുന്ന എല്ലാ നിമിഷത്തിലും സംഭവത്തിലും സന്തോഷം കാണുന്നവനാണ് ഞാൻ. അങ്ങനെ കാണുന്പോഴാണ് അതിൽ പൂർണത അനുഭവിക്കാൻ കഴിയുന്നത്. ഇതിലെല്ലാം പൂർണ സന്തോഷം ഞാൻ കാണുന്നവനാണ്.
ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടത്?
എന്റെ പൗരോഹിത്യ ശുശ്രൂഷതന്നെയാണ് ഏറ്റവും പ്രിയപ്പെട്ടത്. അതിൽ ദൈവം എനിക്കു നൽകിയ നിയോഗം പ്രധാനപ്പെട്ടതാണ്. നിസാരനായ എന്നെ ദൈവം അവിടത്തെ നാമം ഉപയോഗിക്കാനും അവിടത്തെ നാമത്തിൽ പ്രവർത്തിക്കാനും അവിടത്തെക്കുറിച്ചു സാക്ഷ്യപ്പെടുത്താനും നിയോഗിച്ചുവെന്നതിനേക്കാൾ എന്റെ ജീവിതത്തിലെ ഒരു മഹത്വം എന്താണ്? ദൈവം എന്നെ കരുതി, ദൈവം എന്നെ ഓർത്തു, ദൈവം എന്നെ സംരക്ഷിച്ചു പൂർണമായി പരിപാലിച്ചു.എല്ലാ നിമിഷവും അത് എന്റെ ജീവിതത്തിൽ സംഭവിക്കുകയാണ്. തന്പുരാൻ എന്നോട് സ്നേഹമുള്ള ദൈവമാണെന്ന ബോധ്യം തരുന്ന സംഭവങ്ങളാണ് ജീവിതത്തിനുണ്ടാകുന്നത്.
ഈശോയെ പിന്തുടരുന്നവൻ സ്വയം കുരിശെടുത്തു വേണം യാത്ര ആരംഭിക്കാൻ. തീർച്ചയായും പീഡനങ്ങളും സഹനങ്ങളും പ്രലോഭനങ്ങളും അവനിലുണ്ടാകും. പലപ്പോഴും കഠിനമായ സമർപ്പണം നമ്മളിൽനിന്നു ദൈവം ആവശ്യപ്പെടും. ദൈവഭയമുള്ളവന് ഒരു പാട് കാര്യങ്ങളെക്കുറിച്ചു ഭയമുണ്ടാകും. ഭയം എന്നുപറഞ്ഞാൽ പേടിച്ചോടുന്ന ഭയമല്ല. നന്മയല്ല അത് തിന്മയാണെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞാൽ പിന്നെ നമുക്കു ദൈവത്തിന്റെ മുന്നിലെത്താനുള്ള ഭയം. ദൈവത്തെക്കുറിച്ചുള്ള തിരിച്ചറിവിന്റെ വെളിച്ചത്തിൽ ഉണ്ടാകുന്നതാണ് ഈ ഭയം.