കോഴിക്കോട്: പട്ടികവര്‍ഗ വിഭാഗക്കാരുടെ ആവാസകേന്ദ്രങ്ങളെ വിശേഷിപ്പിക്കുന്നതിന് ‘ഊര്’, ‘സങ്കേതം’എന്നീ പരമ്പരാഗത പദപ്രയോഗങ്ങള്‍ തുടരാന്‍ അനുമതി. പട്ടികവിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍ക്ക് സര്‍ക്കാര്‍ രേഖകളില്‍ കോളനി, സങ്കേതം, ഊര് എന്നിവയ്ക്ക് പകരമായി നഗര്‍, ഉന്നതി, പ്രകൃതി അല്ലെങ്കില്‍ കാലാനുസൃതമായ മറ്റ് പേരുകള്‍ ഉപയോഗിക്കണമെന്ന് 2024 ജൂണ്‍ 18ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
പട്ടികവര്‍ഗക്കാരുടെ സാംസ്കാരിക പൈതൃകത്തിന്റെയും പരമ്പരാഗത ആചാരങ്ങളുടെയും ഭാഗമായ ഊര്, സങ്കേതം, കുടി, ഊര് മൂപ്പന്മാര്, ഊരുകൂട്ടം എന്നീ പദങ്ങള്‍ ഒഴിവാക്കുന്നതിനെതിരേ വിവിധ പട്ടികവര്‍ഗ സംഘടനകളും വ്യക്തികളും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് മുന്‍ ഉത്തരവ് പുനഃപരിശോധിച്ചത്. വനാവകാശ നിയമത്തിലും വിവിധ ആസൂത്രണ പ്രക്രിയകളിലും ഊര്, ഊരുകൂട്ടം എന്നീ പദങ്ങള്‍ക്ക് നിയമപരവും സാംസ്കാരികവുമായ പ്രത്യേക പ്രാധാന്യമുണ്ടെന്ന് പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ചൂണ്ടിക്കാട്ടുകയും പുനപരിശോധന ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. 2024 ലെ ഉത്തരവില്‍ പറയുന്ന മറ്റു വ്യവസ്ഥകള്‍ നിലനിറുത്തിയിട്ടുണ്ട്.