ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിൽ നിന്നുള്ള ഏഴുവയസുകാരിയായ രാഗിണിയുടെ കരളലിയിപ്പിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ജില്ലാ ഭരണകൂടം നേരിട്ടെത്തി സഹായം ചെയ്തു. ശാരീരികമായ വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും പഠിക്കണമെന്ന തീവ്രമായ ആഗ്രഹത്തോടെയാണ് ഈ കൊച്ചുമിടുക്കി ദിവസവും സ്കൂളിലേക്ക് തിരിക്കുന്നത്.
വീട്ടിൽ നിന്ന് സ്കൂളിലേക്കുള്ള നാനൂറ് മീറ്റർ ദൂരം ഒരൊറ്റക്കാലിൽ തുള്ളിത്തുള്ളി നടന്നെത്തുക എന്നത് ഏറെ പ്രയാസകരമായ അനുഭവമാണ്. "ഡി.എം അങ്കിൾ, എനിക്കൊരു സൈക്കിൾ തരുമോ? എനിക്ക് സ്കൂളിൽ പോകണം" എന്ന് രാഗിണിയുടെ അപേക്ഷ അധികാരികളുടെ കണ്ണുതുറപ്പിക്കുകയായിരുന്നു.
രാഗിണിയുടെ കഷ്ടപ്പാടുകൾ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ബല്ലിയ ജില്ലാ മജിസ്ട്രേറ്റ് മംഗൾ പ്രസാദ് സിംഗ് രാഗിണിയുടെ കുടുംബത്തെ സന്ദർശിച്ചു. തുടർന്ന് രാഗിണിയുടെ പഠനവും യാത്രയും എളുപ്പമാക്കുന്നതിനുള്ള വിവിധ പദ്ധതികൾ അദ്ദേഹം പ്രഖ്യാപിച്ചു. സഞ്ചാരത്തിനായി ട്രൈസൈക്കിളും ഒപ്പം പഠനോപകരണങ്ങൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിവയും അദ്ദേഹം കുട്ടിക്ക് സമ്മാനിച്ചു.
പഠനത്തോടൊപ്പം രാഗിണിയുടെ ആരോഗ്യപ്രശ്നങ്ങൾക്കും ഭരണകൂടം പരിഹാരം കാണുകയാണ്. കുട്ടിയുടെ കാലിന്റെ ശസ്ത്രക്രിയ അടക്കമുള്ള വിദഗ്ദ്ധ ചികിത്സാ സാധ്യതകൾ പരിശോധിക്കാൻ ജില്ലാ ചീഫ് മെഡിക്കൽ ഓഫീസർക്ക് ജില്ലാ മജിസ്ട്രേറ്റ് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. സാഹചര്യങ്ങളുടെ മുന്നിൽ തളരാതെ പഠനം തുടരാൻ ആഗ്രഹിക്കുന്ന രാഗിണിക്ക് സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാവിധ പിന്തുണയും ഉറപ്പുനൽകിയാണ് അധികൃതർ മടങ്ങിയത്.