കോൽക്കത്ത: തൃണമൂൽ കോൺഗ്രസ് എംഎൽഎമാരുടെ വ്യാജ ഒപ്പിട്ടെന്ന പരാതിയുമായി ബന്ധപ്പെട്ട് മുൻ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കോൽക്കത്തയിലെ വസതിയിൽ പശ്ചിമ ബംഗാൾ പോലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (സിഐഡി) പരിശോധന നടത്തി. ഹരീഷ് ചാറ്റർജി സ്ട്രീറ്റിലെ 30ബി വസതിയിലാണ് സിഐഡി ഉദ്യോഗസ്ഥരെത്തി തെരച്ചിൽ നടത്തിയത്.
ഈ വിലാസം തൃണമൂൽ കോൺഗ്രസിന്റെ പാർട്ടി ഓഫീസായാണ് ഉപയോഗിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് സിഐഡി സംഘം പരിശോധനയ്ക്ക് അനുമതി തേടിയത്. തുടർന്ന് പാർട്ടി ഭാരവാഹികളും ഉദ്യോഗസ്ഥരും തമ്മിൽ മിനിറ്റുകളോളം നീണ്ട തർക്കത്തിനൊടുവിൽ സിഐഡി സംഘം മമതയുടെ വസതിക്ക് ഉള്ളിലേക്ക് പ്രവേശിച്ചു.
മമത ബാനർജിയും പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയും നിലവിൽ വീട്ടിൽ ഇല്ലെന്നും അതിനാൽ പരിശോധന അനുവദിക്കാനാകില്ലെന്നും മുൻ ടിസിഎം എംപി സുഭാശിഷ് ചക്രവർത്തി പറഞ്ഞു. ഇരുവരും തിരിച്ചെത്തിയ ശേഷം ഒന്നോ രണ്ടോ ദിവസത്തിന് ശേഷം വരാൻ അദ്ദേഹം ആവശ്യപ്പെട്ടെങ്കിലും സിഐഡി ഉദ്യോഗസ്ഥർ ഇത് തള്ളുകയും, സുഭാശിഷ് ചക്രവർത്തി അന്വേഷണം തടസപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
നിയമസഭയിലെ പ്രതിപക്ഷ നേതാവായി ശോഭൻദേബ് ചതോപാധ്യായയെ നാമനിർദ്ദേശം ചെയ്തുകൊണ്ട് മേയ് 20-ന് സ്പീക്കർക്ക് നൽകിയ കത്തിൽ തങ്ങളുടെ ഒപ്പുകൾ വ്യാജമായി രേഖപ്പെടുത്തിയതാണെന്ന് ആരോപിച്ച് പാർട്ടി എംഎൽഎമാരായ ഋതബ്രത ബാനർജിയും സന്ദീപൻ സാഹയും രംഗത്തെത്തിയിരുന്നു. തുടർന്ന് ഇവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
ഈ പരാതിയുടെ അടിസ്ഥാനത്തിൽ കോൽക്കത്തയിലെ ഹരേ സ്ട്രീറ്റ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ പിന്നീട് സിഐഡിക്ക് കൈമാറുകയായിരുന്നു. വിവാദ കത്തിൽ ഒപ്പുവെച്ച പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് സിഐഡി നിരവധി തവണ സമൻസ് അയച്ചിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി അദ്ദേഹം ഹാജരായിരുന്നില്ല.