കോൽക്കത്ത: തൃണമൂൽ കോൺഗ്രസിന്റെ നിയന്ത്രണത്തിനായി മമത ബാനർജിയും വിമതരും നടത്തുന്ന പോരാട്ടം അന്തിമഘട്ടത്തിലേക്ക്. പാർട്ടിയുടെ പേരും ചിഹ്നവും സ്വന്തമാക്കുന്നതിനായി ഇരുപക്ഷവും ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്പാകെ രേഖകൾ സമർപ്പിക്കും.
രൂപീകൃതമായി 28 വർഷത്തിനുശേഷം ആദ്യമായാണ് യഥാർഥ തൃണമൂൽ കോൺഗ്രസ് തങ്ങളുടേതാണെന്ന് വാദിക്കാൻ നേതാക്കൾ ചേരിതിരിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ മുന്പാകെയെത്തുന്നത്.
സംഘടനാപരമായ രേഖകൾ ഉൾപ്പെടെ വിശദാംശങ്ങൾ ഇന്ന് വൈകുന്നേരം 5.30 ന് ഹാജരാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. വിമതപക്ഷം നൽകിയ അപേക്ഷയിൽ പ്രാഥമികവാദം കേട്ടശേഷമായിരുന്നു ഈ നിർദേശം.