ചെന്നൈ: 2026 ദുലീപ് ട്രോഫി ക്രിക്കറ്റ് കിരീടം കിഴക്കന്‍ സംഘം ഉറപ്പിച്ചു. സൗത്ത് സോണിന് എതിരായ ഫൈനലിന്റെ നാലാംദിനമായ ഇന്നലെ മത്സരം നിര്‍ത്തുമ്പോള്‍ ഈസ്റ്റ് സോണ്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സ് എടുത്തു.
ആദ്യ ഇന്നിംഗ്സില്‍ 372 റണ്‍സിന്റെ ലീഡ് നേടിയതോടെ കിരീടം ഈസ്റ്റ് സോണ്‍ ഉറപ്പിച്ചു. രണ്ടാം ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റ് ശേഷിക്കേ 584 റണ്‍സിന്റെ കൂറ്റന്‍ ലീഡാണ് ഈസ്റ്റ് സോണിനുള്ളത്. സ്കോര്‍: ഈസ്റ്റ് സോണ്‍ 708, 212/5. സൗത്ത് സോണ്‍ 336.
തിലക് വര്‍മ 99
ആറു വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സ് എന്ന നിലയില്‍ സൗത്ത് സോണ്‍ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാന്‍ എത്തിയതോടെയാണ് നാലാംദിനമായ ഇന്നലെ മത്സരം തുടങ്ങിയത്. 56 റണ്‍സുമായി ക്യാപ്റ്റന്‍ തിലക് വര്‍മയും രണ്ടു റണ്‍സുമായി ചാമ മിലിന്ദുമായിരുന്നു ക്രീസില്‍. മിലിന്ദ് 68 പന്തില്‍ 43 റണ്‍സുമായി പുറത്തായി.
അതേസമയം, തിലക് വര്‍മയക്ക് അര്‍ഹിച്ച സെഞ്ചുറി ഒരു റണ്‍ അകലെ നഷ്ടപ്പെട്ടു. 211 പന്തില്‍ 99 റണ്‍സ് നേടിയ തിലക് വര്‍മയെ കുനൈന്‍ ഖുറൈഷി റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി. തിലക് വര്‍മയും ദേവ്ദത്ത് പടിക്കലുമായിരുന്നു (62) സൗത്ത് സോണ്‍ ഇന്നിംഗ്സിലെ ടോപ് സ്കോറര്‍മാര്‍.
വീണ്ടും ഇഷാന് കിഷൻ
സൗത്ത് സോണിന്റെ ഒന്നാം ഇന്നിംഗ്സ് 336ല്‍ അവസാനിപ്പിച്ചശേഷം ഈസ്റ്റ് സോണ്‍ രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തി. ഓപ്പണര്‍മാരായ വൈഭവ് സൂര്യവംശി (8), അഭിമന്യു ഈശ്വരന് (3) എന്നിവര്‍ തുടക്കത്തിലേ പുറത്ത്. മൂന്നാം നമ്പറായെത്തിയ ശിഖര്‍ മോഹനും (52) നാലാം നമ്പറായ ക്യാപ്റ്റന്‍ ഇഷാന് കിഷനും (80) ചേര്‍ന്ന് ഈസ്റ്റ് സോണിനെ മുന്നോട്ടു നയിച്ചു. ആദ്യ ഇന്നിംഗ്സില്‍ ഇഷാന് കിഷന് 270 റണ്‍സ് നേടിയിരുന്നു. കുമാര്‍ കുശാഗ്രയും (34*) കുനൈന്‍ ഖുറൈഷിയുമാണ് (26*) ക്രീസില്‍.