തിരുവനന്തപുരം: പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ കാല് മുട്ടിന് ഗുരുതരമായി പരിക്കേറ്റ് കണ്ണീരോടെ ജംപിംഗ് പിറ്റില്‍നിന്നും ആശുപത്രി കിടക്കയിലേക്ക് പോകകേണ്ടിവന്നിരുന്നു മുരളി ശ്രീശങ്കറിന്.
മുട്ടുചിരട്ട തകര്‍ന്ന് ശസ്ത്രക്രിയ നടത്തിയശേഷം ഇനി മത്സരത്തിലേക്ക് തിരികെ എത്തുമോ എന്നു പോലും ആശങ്ക നിറഞ്ഞ നാളുകള്‍. ഒരു വര്‍ഷത്തോളം ഫിസിയോ തൊറാപ്പിയുള്പ്പെടെ നടത്തി. ആശങ്കയുടെയും വേദനയുടെയും ദിനങ്ങളെല്ലാം മറികടന്ന് ഗ്ലാസ്ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയപ്പോള്‍ ശ്രീശങ്കര്‍ എന്ന കായികതാരത്തിന്റെ പോരാട്ടവീര്യമാണ് വെളിപ്പെടുത്തുന്നത്.
2024 ഏപ്രില്‍ 16നാണ് പാലക്കാട് മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ പരിശീലനത്തിനിടെ ശ്രീശങ്കറിന് പരിക്കേറ്റത്. മുട്ടുചിരട്ട തകര്‍ന്നു മുട്ടിനു താഴെഭാഗവുമായുള്ള ബന്ധം തകരാറിലായ സ്ഥിതിയായിരുന്നു. തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്കായി ദോഹയിലേക്കു കൊണ്ടുപോയി. അവിടെ ശസ്ത്രക്രിയ. തുടര്‍ന്നു ബംഗളൂരുവില്‍ മാസങ്ങളോളം ഫിസിയോ തൊറാപ്പി. ചെറിയ തോതില്‍ നടക്കാന്‍ കഴിയുന്ന സ്ഥിതി.
ജംപിംഗ് പിറ്റിലേക്ക് തിരികെ എത്താനുള്ള കാത്തിരിപ്പ്. ഇത്തരത്തില്‍ പരിക്കേറ്റവരില്‍ ലോകത്തുതന്നെ അപൂര്‍വങ്ങളില്‍ അപൂര്‍വം ആളുകള്‍ക്ക് മാത്രമാണ് വീണ്ടും പരിശീലനത്തിലേക്ക് എത്താന്‍ കഴിയുക. അത്തരത്തില്‍ ഒരാളായി ശ്രീശങ്കര്‍.
പരിക്കേറ്റ് ഒരു വര്‍ഷത്തിനുശേഷം 2025 ഏപ്രിലിലാണ് വീണ്ടും ചെറിയ തോതില്‍ പരിശീലനത്തിനായി ഇറങ്ങിയത്. 2025 ഏപ്രിലില്‍ പരിക്കിനു ശേഷം ആദ്യ ഘട്ടങ്ങളില്‍ ചാടാന്‍ കഴിഞ്ഞത് മൂന്നു മീറ്റര്‍ മാത്രം. അവിടെനിന്നും പടിപടിയായി പിതാവ് മുരളിയുടെ പൂര്‍ണ പിന്തുണയോടെ ശ്രീശങ്കര്‍ ജംപിംഗ്പിറ്റില് ശക്തമായ തിരിച്ചുവരവ് നടത്തി.
2025 ജൂലൈ 12ന് പൂനയില്‍ നടന്ന ഇന്ത്യന്‍ ഗ്രാന്‍പ്രീയില്‍ 8.05 മീറ്റര്‍ ചാടി സുവര്‍ണ നേട്ടവുമായി ഈ മലയാളി വീണ്ടും ജംപിംഗ് കുതിപ്പ് നടത്തി. അതേവര്‍ഷം നടന്ന അഞ്ചു മത്സരങ്ങളില്‍ മൂന്നിലും എട്ടു മീറ്ററിലധികം ദൂരം ചാടി. ലോക മീറ്റിലും മത്സരത്തിനിറങ്ങി. ഈ വര്‍ഷം ആദ്യം ബംഗളൂരുവില്‍ 8.15 മീറ്റര്‍ ചാടിയ ശ്രീശങ്കര്‍ വിവിധ മത്സരങ്ങളിലായി ഈ വര്‍ഷം 15 തവണ എട്ടു മീറ്റര്‍ മറികടന്നു. 2023ല്‍ പൂനയില്‍ ചാടിയ 8.41 മീറ്ററാണ് ശ്രീശങ്കറിന്റെ മികച്ച ദൂരം. ശ്രീശങ്കറിന്റെ മികച്ച പ്രകടനം പാരീസ് ഡയമന്‍ഡ് ലീഗിലെ ബ്രോണ്‍സ് നേട്ടമാണ്.
വെള്ളി നേട്ടം സ്വന്തമാക്കിയ ശ്രീശങ്കറിനെ തേടി ഇന്നലെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഫോണ്‍കോള്‍ എത്തിയതായും അത് ഏറെ സന്തോഷം നല്‍കിയതായും ശ്രീശങ്കറിന്റെ പിതാവ് മുരളി പറഞ്ഞു. കോമണ്‍വെല്‍ത്ത് ഗെയിംസ് ഉള്‍പ്പെടെയുള്ള മീറ്റുകളില്‍ മിന്നും നേട്ടം സ്വന്തമാക്കിയ ശ്രീശങ്കര്‍, സര്‍ക്കാര്‍ ജോലിക്കായി അപേക്ഷ നല്കി കാത്തിരിപ്പ് തുടരുകയാണ്.