വർഷങ്ങൾക്ക് മുമ്പ് നടന്നതാണെങ്കിലും, കായികപ്രേമികളുടെ ഹൃദയം ഉലച്ച ഒരു അപൂർവ്വ പോരാട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്.
ജപ്പാനിലെ ഒരു മാരത്തൺ റിലേ മത്സരത്തിനിടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടും പിന്മാറാൻ തയ്യാറാകാതെ ലക്ഷ്യസ്ഥാനത്തേക്ക് ഇഴഞ്ഞുനീങ്ങിയ പത്തൊൻപതുകാരിയായ റേ ഇഡയുടെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയ വീണ്ടും ഏറ്റെടുത്തിരിക്കുന്നത്.
തന്റെ റണ്ണിങ് സെക്ഷൻ പൂർത്തിയാക്കാൻ ഏതാനും മീറ്ററുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ഒരു തിരിവിൽ വെച്ച് റേ ഇഡയ്ക്ക് വീഴ്ച സംഭവിക്കുന്നതും അവളുടെ വലതുകാലിന്റെ എല്ല് പൊട്ടുന്നതും.
എഴുന്നേറ്റു നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലും ടീമിന്റെ റിലേ സാഷ് കൈവിടാതെ, ചോരയൊലിപ്പിക്കുന്ന കൈപ്പത്തികളുമായി അവൾ മുന്നോട്ട് ഇഴഞ്ഞുനീങ്ങാൻ തുടങ്ങി.
ഏകദേശം ഇരുനൂറിലധികം മീറ്ററോളമാണ് കഠിനമായ വേദന സഹിച്ചുകൊണ്ട് ആ പെൺകുട്ടി തന്റെ ദൗത്യം പൂർത്തിയാക്കാൻ പോരാടിയത്. ബാട്ടൺ സ്വീകരിക്കാനായി കണ്ണീരോടെ കാത്തുനിന്ന സഹതാരത്തിന്റെ അടുത്തേക്ക് ഇഡ ഇഴഞ്ഞെത്തിയ ദൃശ്യം കണ്ട് ലോകം ഒന്നടങ്കം വിതുമ്പി.
യഥാർഥത്തിൽ ഇഡയുടെ പരിക്ക് മനസിലാക്കിയ ടീം മാനേജ്മെന്റ് മത്സരത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നെങ്കിലും, ഈ വിവരം സമയത്തിന് അവളെ അറിയിക്കാൻ കഴിഞ്ഞിരുന്നില്ല.
പരിക്കേറ്റിട്ടും കായികതാരത്തെ ഇഴയാൻ അനുവദിച്ചതിന് അന്ന് റേസ് അധികൃതർ വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. ചികിത്സയ്ക്ക് ശേഷം പിന്നീട് താരം സുഖം പ്രാപിച്ചെങ്കിലും, കായികരംഗത്തെ നിശ്ചയദാർഢ്യത്തിന്റെ എക്കാലത്തെയും വലിയ പ്രതീകമായി ഈ ദൃശ്യങ്ങൾ ഇന്നും ഇന്റർനെറ്റിൽ സജീവമായി നിലനിൽക്കുന്നു.