ശാരീരിക പരിമിതികളെ കാറ്റിൽപ്പറത്തി കൃത്രിമക്കാലിൽ അമർനാഥ് മലനിരകൾ കീഴടക്കുന്ന ഒരു യുവതിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാവുകയാണ്.
കഠിനമായ ബാൽതാൽ മലമ്പാതയിലൂടെ ഊന്നുവടിയുടെയും ക്രച്ചസിന്റെയും സഹായത്തോടെ നിറഞ്ഞ പുഞ്ചിരിയോടെ മലകയറുന്ന നേഹ ഭട്ട് എന്ന യുവതിയാണ് ഇപ്പോൾ ഇന്റർനെറ്റിലെ താരം.
അഞ്ചുവർഷം മുൻപ് ഒരു വാഹനാപകടത്തിലാണ് നേഹയ്ക്ക് തന്റെ കാൽ നഷ്ടപ്പെടുന്നത്. എന്നാൽ ഈ പരിമിതിയൊന്നും ഭഗവാനിലേക്കുള്ള തന്റെ ഭക്തിക്ക് തടസമല്ലെന്ന് നേഹ ഈ യാത്രയിലൂടെ തെളിയിക്കുന്നു.
ഈ വീഡിയോ വെറുമൊരു യാത്രാദൃശ്യം എന്നതിനപ്പുറം വലിയൊരു ചർച്ചയ്ക്കാണ് വഴിതുറന്നിരിക്കുന്നത്. പൂർണ ആരോഗ്യവാനായ ഒട്ടനവധി തീർഥാടകർ കുതിരപ്പുറത്തും പല്ലക്കുകളിലുമൊക്കെയായി മലകയറുമ്പോഴാണ്, ഒരു കാൽ മാത്രമുള്ള നേഹ സ്വന്തം പ്രയത്നത്താൽ ലക്ഷ്യത്തിലേക്ക് നടന്നുനീങ്ങുന്നത്.
യാത്രയ്ക്കിടയിൽ വെച്ച് നേഹയെ കണ്ടുമുട്ടിയ മറ്റ് തീർഥാടകർ, തങ്ങൾ തളർന്നുപോയ നിമിഷത്തിൽ നേഹയെ കണ്ടത് മുന്നോട്ട് നടക്കാനുള്ള വലിയൊരു ഊർജ്ജം നൽകിയെന്ന് പങ്കുവെക്കുന്നു.
അതേസമയം, യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാഞ്ഞിട്ടും മൃഗങ്ങളെയും മനുഷ്യരെയും കഷ്ടപ്പെടുത്തി പല്ലക്കിലും കുതിരപ്പുറത്തും സുഖയാത്ര നടത്തുന്നവർക്കെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്.
തീർഥാടനങ്ങളെ വെറുമൊരു വിനോദയാത്രയായി മാറ്റുന്നവർക്ക് മുന്നിൽ, നിശ്ചയദാർഢ്യത്തിന്റെ വലിയൊരു മാതൃകയാവുകയാണ് നേഹ.