വാഷിംഗ്ടണ്‍ ഡിസി: ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിൽ പ്രത്യേക പ്രതിനിധിയെ നിയമിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ലൂസിയാന ഗവർണർ ജെഫ് ലാൻഡ്രിയാണു പ്രത്യേക പ്രതിനിധി. ട്രംപിന്റെ തീരുമാനത്തിനെതിരേ ഡെന്മാർക്ക് രംഗത്തുവന്നു. യുഎസ് അംബാസഡറെ വിളിച്ചുവരുത്തി ഡെന്മാർക്ക് വിശദീകരണം ആവശ്യപ്പെട്ടു.
ഡെന്മാർക്കിന്റെ പരമാധികാരം വാഷിംഗ്ടണ്‍ മാനിക്കണമെന്നു വിദേശകാര്യ മന്ത്രി ലാർസ് ലോക്ക് റാസമുസെൻ ആവശ്യപ്പെട്ടു. അമേരിക്ക അടക്കമുള്ള രാജ്യങ്ങളുമായി സഹകരിക്കാൻ ഗ്രീൻലാൻഡ് തയാറാണെന്നും എന്നാൽ, പരസ്പര ബഹുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരിക്കുമെന്നും ഗ്രീൻലാൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡെറിക് നീൽസണ്‍ പറഞ്ഞു.
“പ്രത്യേക പ്രതിനിധിയെ നിയമിച്ചത് ഞങ്ങളുടെ കാര്യത്തിൽ ഒരു മാറ്റവും ഉണ്ടാക്കില്ല. ഞങ്ങളുടെ ഭാവി ഞങ്ങൾ തീരുമാനിക്കും. ഗ്രീൻലാൻഡ് എല്ലായ്പോഴും ഗ്രീൻലാൻഡുകാരുടേതായിരിക്കും’’ - ജെൻസ്-ഫ്രെഡെറിക് നീൽസണ്‍ കൂട്ടിച്ചേർത്തു.