തിരുവനന്തപുരം: ശിവഗിരി മഠത്തിന്റെ ഭരണം നിയന്ത്രിക്കുന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡ് തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അടക്കം മൂന്നു പേർ പരാജയപ്പെട്ടു.
എന്നാൽ, ജനറൽ സെക്രട്ടറി ശുഭാംഗാനന്ദ ഉൾപ്പടെ നിലവിലെ ബോർഡിലെ ആറുപേർ വിജയിച്ചു. സ്വാമി ശുഭാംഗാനന്ദ 29 വോട്ട് നേടി രണ്ടാമതെത്തി. സ്വാമി അംബികാനന്ദയാണ് 31 വോട്ട് നേടി ഒന്നാമതെത്തിയത്.
ഇന്നലെ നടന്ന ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് ബോർഡിലേക്ക് 11 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ചുപേർ പുതുതായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലുള്ള ഭരണസമിതിയിൽ സ്വാമി സച്ചിദാനന്ദയെ കൂടാതെ സ്വാമി വിശാലാനന്ദ, സ്വാമി ബോധി തീർഥ എന്നിവരും പരാജയപ്പെട്ടു.
നിലവിലെ ഭരണസമിതിയിലെ സ്വാമി സൂക്ഷ്മാനന്ദ, സ്വാമി പരാനന്ദ എന്നിവർ ഇത്തവണ മത്സരിച്ചില്ല. സർക്കാരിൽ അടക്കം ശിവഗിരി മഠത്തിനായി നിർണായക സ്വാധീനം ചെലുത്തിയിരുന്ന പ്രസിഡന്റ് സച്ചിദാനന്ദ സ്വാമിയുടെ പരാജയം ഏറെ ചർച്ചകൾക്ക് ഇട നൽകി. 56 അംഗ വോട്ടർമാരിൽ 55 പേരും വോട്ട് ചെയ്തു. റിട്ട. ജില്ലാ ജഡ്ജി കെ. വിശ്വനാഥൻനായരായിരുന്നു റിട്ടേണിംഗ് ഓഫിസർ.
ട്രസ്റ്റ് ബോർഡിൽനിന്നാണ് ഇനി പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ അടക്കമുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടക്കുക. രണ്ടാഴ്ചയ്ക്കകം ബോർഡ് യോഗം ചേർന്നു ഭാരവാഹികളെ തെരഞ്ഞെടുക്കണമെന്നാണു നിയമാവലി.