മനില: ഇന്ത്യയെ സംബന്ധിച്ചിടത്തോളം ക്രിയാത്മകവും വിശ്വസനീയവുമായ പങ്കാളിത്തമാണ് ക്വാഡ് രാജ്യങ്ങളുടെ കൂട്ടായ്മയിലൂടെ ലഭിക്കുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.
സമുദ്ര സുരക്ഷ, വിതരണ ശൃംഖലകൾ, അതിനൂതന സാങ്കേതികവിദ്യ, ദുരന്തപ്രതിരോധം തുടങ്ങിയവയിൽ കൂടുതൽ ഇടപെടലുകളാണ് ക്വാഡ് ലക്ഷ്യമിടുന്നതെന്നും മനിലയിൽ ആസിയാൻ സമ്മേളനത്തിനോടനുബന്ധിച്ചു നടന്ന ക്വാഡ് ഉച്ചകോടിയിൽ മോദി പറഞ്ഞു.
രണ്ടുവര്‍ഷത്തിനുശേഷമാണു ക്വാഡ് നേതാക്കളുടെ കൂടിക്കാഴ്ച. ജോ ബൈഡന് യുഎസ് പ്രസിഡന്റായിരിക്കെ 2024 സെപ്റ്റംബറില്‍ യുഎസിലെ ഡെലവെയറിലായിരുന്നു അവസാന യോഗം.
ഇന്ത്യയും യുഎസും ജപ്പാനും ഓസ്ട്രേലിയയും അടങ്ങുന്ന ക്വാഡിന്റെ നേതൃസംഗമത്തിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി സനെയ് തകൈച്ചി എന്നിവരും സംസാരിച്ചു.
“കരുത്തന്, ഉന്നതനേതാവ്” മോദിയെ പുകഴ്ത്തി ട്രംപ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ “കരുത്തനായ ഉന്നത നേതാവെന്നു”വിശേഷിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. തന്റെ സുഹൃത്തായ മോദി ലോകം മുഴുവന്‍ ബഹുമാനിതനായ വ്യക്തിത്വമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു.
ഇന്ത്യ, ജപ്പാന്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുമായി യുഎസിന് മികച്ച ബന്ധമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.