ന്യൂഡൽഹി: ആഗോളതലത്തിൽ വിശ്വസ്ത പ്രതിരോധ പങ്കാളിയായി ഇന്ത്യ വളർന്നുവരികയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
പ്രതിമാസ റേഡിയോ പ്രക്ഷേപണമായ മൻ കി ബാത്തിലൂടെ കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയായിരുന്നു പ്രധാനമന്ത്രി.
പ്രതിരോധ ഉത്പാദനത്തിലും കയറ്റുമതിയിലും ഇന്ത്യ മുന്നേറുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിൽ നിന്ന് ബ്രഹ്മോസ്, അസ്ത്ര മിസൈലുകൾ വാങ്ങുന്നതിന് ഇന്തോനേഷ്യയുമായി ഉണ്ടാക്കിയ കരാറും അദ്ദേഹം ഓർമിപ്പിച്ചു.
പിനാക ലോംഗ് റേഞ്ച് ഗൈഡഡ് റോക്കറ്റിന്റെയും കുഷ മിസൈലുകളുടെയും പരീക്ഷണം വിജയകരമാക്കിയ ഡിആർഡിഒയുടെ നേട്ടങ്ങളും അദ്ദേഹം എടുത്തുകാട്ടി.
75 ശതമാനത്തിലധികം തദ്ദേശീയമായി വികസിപ്പിച്ച ആധുനിക യുദ്ധക്കപ്പൽ ഐഎൻഎസ് മഹേശ്വരി നാവിക സേനയുടെ ഭാഗമാക്കിയത് വലിയ നേട്ടമാണ്.
സ്വകാര്യ മേഖല വികസിപ്പിച്ചെടുത്ത ഇന്ത്യയിലെ ആദ്യ റോക്കറ്റായ വിക്രം-1ന്റെ വിജയകരമായ വിക്ഷേപണം രാജ്യത്തെ ഓരോ പൗരനും അഭിമാനിക്കാവുന്ന നേട്ടമാണെന്നും അദ്ദേഹം വ്യക്തമാക്കി.